ആശങ്കയുടെ മണിക്കൂറുകൾ; കൊച്ചി-ബഹ്റൈൻ വിമാനം ഒടുവിൽ സുരക്ഷിതമായി നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. രാവിലെ 10.45ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 12.32ഓടെയാണ് വിമാനം തിരിച്ചിറക്കിയത്
മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിലാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരിയിലെ റൺവേയിൽ ലാൻഡ് ചെയ്തത്. 104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്റെ ഒരു ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്ന് വിമാനത്താവളം അധികൃതർ വിവരം പൈലറ്റിനെ അറിയിക്കുകയായിരുന്നു
ഇതോടെ സുരക്ഷിത ലാൻഡിംഗിന് കൊച്ചിയിലേക്ക് തന്നെ തിരിക്കാൻ ക്യാപ്റ്റൻ തീരുമാനമെടുത്തു. അരമണിക്കൂർ സമയം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ച് ജ്വലനസാധ്യത ഇല്ലാതാക്കിയാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ബഹ്റൈനിലെത്തിക്കാൻ നടപടികൾ തുടരുന്നതായി വിമാനത്താവളം അധികൃതർ അറിയിച്ചു.