ഡോ. രവി പിള്ളക്ക് ബഹ്‌റൈന്‍ രാജാവിന്റെ വിശിഷ്ട മെഡല്‍; ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്ന ആദ്യ വിദേശ വ്യവസായായി മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
മനാമ: പ്രമുഖ വ്യവസായിയും ആര്‍ പി ഗ്രൂപ്പിന്റെ ഉടമയുമായ ഡോ. രവി പിള്ളക്ക് ബഹ്‌റൈന്‍ രാജാവിന്റെ വിശിഷ്ട പുരസ്‌കാരം. ബഹ്‌റൈന്‍ രാജാവിന്റെ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡലാണ് രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും നല്‍കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി ആദ്യമായി ബഹ്‌റൈന്‍ ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഒരു വിദേശിക്ക് സമ്മാനിച്ചത്.
ബഹ്‌റൈന്റെ പുരോഗതിയില്‍ ഡോ. രവി പിള്ള അര്‍പ്പിച്ച അസാധരണമായ സേവനത്തെയും സംഭാവനകളെയും അഭിനന്ദിക്കുന്നതായി മെഡല്‍ നല്‍കികൊണ്ട് ബഹ്‌റൈന്‍ രാജാവ് വ്യക്തമാക്കി. രാജ്യത്തിന്റെ അത്യഗാധമായ കൃതജ്ഞതയുടെ അടയാളമായാണ് ഈ വിശിഷ്ട മെഡല്‍ രവി പിള്ളക്ക് സമ്മാനിക്കുന്നത്. അതില്‍ അതീവ സന്തോഷവും തൃപ്തിയുമുണ്ടെന്നും ഹമദ് രാജാവ് പറഞ്ഞു.
ഇത്തരത്തില്‍ അതിമഹത്തായ ഒരു അംഗീകാരം ലഭിച്ചതില്‍ താന്‍ അങ്ങേയറ്റത്തെ സന്തോഷവും അഭിമാനവുമുണ്ടൈന്ന് രവി പിള്ള പ്രതികരിച്ചു. ആര്‍ പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്‌നത്തിന്റെയും ബഹ്‌റൈനിലെ ജനങ്ങളുടെയും പിന്തുണയുടെയും തന്നില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതിഫലനമായ ഈ പുരസ്‌കാരം. ഇവിടുത്തെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും രവി പിള്ള വ്യകത്മാക്കി.
റിഫൈനറി, പ്രാദേശിക വാര്‍ത്താവിനിമയ രംഗത്തെ വികസനം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ഗതിമാറ്റിയ മേഖലകളിലെ നിര്‍ണായകമായ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാണ് രാജാവ് ഏറ്റവും വലിയ അംഗീകാരമെന്ന നിലയില്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. മലയാളിയായ രവി പിള്ളക്ക് ഇത്തരത്തില്‍ ഒരു മഹത്തായ ബഹുമതി ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും പ്രത്യേകിച്ച് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.