പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: പരുക്കേറ്റ ഒമ്പത് വയസുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു
പുഷ്പ 2 റിലീസിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഹൈദരാബാദ് സ്വദേശി ഒമ്പത് വയസുകാരൻ ശ്രീതേജിനാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടശേഷം കുട്ടി പൂർണമായും അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്
കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ രേവതി(35) മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ ഡിസംബർ നാലിന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തമുണ്ടായത്
അപകടത്തിൽ രേവതിയുടെ ഭർത്താവിനും രണ്ട് മക്കൾക്കും പരുക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റ ശ്രീജേത് അന്ന് മുതൽ ആശുപത്രിയിലാണ്. കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും താരം പറഞ്ഞിരുന്നു.