ആവേശപ്പോരിന് രസം കൊല്ലിയായി മഴ: ഗാബ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു
അടിയും തിരിച്ചടിയും ഏറെ ട്വിസ്റ്റുകളും നിറഞ്ഞ ഗാബ ടെസ്റ്റ് സമനിലയിൽ പരിഞ്ഞു. വിജയലക്ഷ്യമായ 275 റൺസിലേക്ക് ഇന്ത്യ ബാറ്റിംഗ് തുടരുന്നതിനിടെ രസം കൊല്ലിയായി മഴ എത്തുകയായിരുന്നു. മഴ ശക്തമായി തുടരുന്നതിനിടെ മത്സരം സമനിലയിൽ പിരിയാൻ ഇരു നായകൻമാരും സമ്മതിക്കുകയായിരുന്നു. ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം
മൂന്നര ദിവസവും ഓസ്ട്രേലിയയുടെ പക്കലുണ്ടായിരുന്ന മത്സരം ഇന്നലെ അവസാന സെഷനിൽ മാറുകയായിരുന്നു. ഫോളോ ഓൺ ഭീഷണിയിൽ നിന്ന ഇന്ത്യയെ വാലറ്റത്തിന്റെ പോരാട്ടവീര്യം ഇന്നിംഗ്സ് തോൽവിയിൽ നിന്ന് ഒഴിവാക്കി. അഞ്ചാം ദിനം തുടക്കത്തിലെ 260 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കിയത് 185 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്
രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. വിക്കറ്റുകൾ തുരുതുരാ വീണതോടെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഏഴിന് 89 റൺസ് എന്ന നിൽക്കെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 275 റൺസ്
രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസ് എന്ന നിലയിൽ നിൽക്കെ മഴ എത്തുകയായിരുന്നു. ഒന്നാമിന്നിംഗ്സിൽ 152 റൺസെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. ഓസ്ട്രേലിയ ഒന്നാമിന്നിംഗ്സിൽ 445 റൺസാണ് എടുത്തത്.