ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം 21ന് ആരംഭിക്കും
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശന തിയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 21, 22 തിയതികളിലാവും സന്ദര്‍ശനമെന്നാണ് ലഭിക്കുന്ന സൂചന. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ എംബസില്‍ തിരക്കിട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്ദിരാ ഗാന്ധി 1981ല്‍ കുവൈറ്റ് സന്ദര്‍ശിച്ച ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി കുവൈറ്റിലേക്ക് എത്തുന്നത്.
കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്‌യുടെ ഡിസംബര്‍ ആദ്യവാരത്തിലെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് മോദിയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തില്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച തന്നെ ഇന്ത്യന്‍ സമൂഹവുമായി പ്രധാമന്ത്രി സംവദിക്കും.
സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്റോര്‍ സ്‌പോട്‌സ് ഹാളിലാണ് മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുക. അയ്യായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് സിക്ത് റിങ് റോഡിന്റെ തുടക്കത്തിലുള്ള ഈ ഹാള്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി എംബസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഫോം നല്‍കിയിരുന്നു. പേര്, സിവില്‍ ഐഡി, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പര്‍ എന്നിവയാണ് ഇതിലൂടെ ശേഖരിക്കുന്നത്.