UAE

പൂളിങ് സര്‍വിസുമായി ആര്‍ടിഎ; ആദ്യ ഘട്ടത്തില്‍ ദേരയിലുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് പോകാന്‍ അവസരം

ദുബൈ: യാത്രക്കാര്‍ക്ക് ഒരേ വാഹനത്തില്‍ ഷെയറിങ് വ്യവസ്ഥയില്‍ പോകാന്‍ അവസരം ഒരുക്കുന്ന പൂളിങ് സംവിധാനവുമായി ആര്‍ടിഎ രംഗത്ത്. സ്മാര്‍ട്ട് ആപ്പ് വഴി ബുക്ക് ചെയ്താല്‍ യാത്രക്കായി മിനി ബസുകള്‍ ലഭ്യമാക്കുന്നതാണ് ആര്‍ടിഎയുടെ പദ്ധതി. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ സൗകര്യത്തിന് അതിവേഗം ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദേരയിലാവും സംവിധാനം നടപ്പാക്കുക. സിറ്റിലിങ്ക ഷട്ടില്‍, ഡ്രൈവ്ബസ്, ഫ്‌ളക്‌സ് ഡെയിലി തുടങ്ങിയ മൂന്ന് സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയാണ് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കുന്നത്.

മികച്ചതും ആകര്‍ഷകവുമായ യാത്രാ നിരക്കില്‍ മൂന്നു കമ്പനികളുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി ഒരുക്കിയിരിക്കുന്നത്. ആഴ്ചയിലേക്കോ, മാസത്തിലേക്കോ ഇഷ്ടമുള്ള കാലത്തേക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. തുടക്കത്തില്‍ ബസ് പോലെ നിശ്ചിത റൂട്ടുകളില്‍ മാത്രമായിരിക്കില്ല സര്‍വിസെന്നും ദേരയ്ക്ക് പിന്നാലെ ബിസിനസ് ബേ, ദുബൈ മാള്‍, മിര്‍ദിഫ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിക്കുമെന്നും പിന്നീട് എമിറേറ്റ് മുഴവന്‍ സര്‍വിസ് ലഭ്യമാക്കുമെന്നും ആര്‍ടിഎ സിഇഒ അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ വ്യക്തമാക്കി. 13 മുതല്‍ 30 വരെ സീറ്റുകളുള്ള മിനി വാഹനങ്ങളാണ് ഉപയോഗപ്പെടുത്തുക. ദൂരത്തിനും ആള്‍ക്കാരുടെ ആവശ്യവും പരിഗണിച്ചാവും നിരക്ക് നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: Content is protected !!