ഷാര്‍ജ പൊലിസിന്റെ പുതിയ ആസ്ഥാനം ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: ഷാര്‍ജ പൊലിസിന്റെ പുതിയ ആസ്ഥാനം ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ആസ്ഥാനത്തെത്തി വയര്‍ലെസിലൂടെ പട്രോളിങ് സംഘാംഗങ്ങളുമായി സംസാരിച്ചാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നിയമം നടപ്പാക്കുമ്പോള്‍ പ്രത്യേകിച്ചും അറസ്റ്റ് ഉള്‍പ്പെടയുള്ളവ രേഖപ്പെടുത്തുമ്പോള്‍ കടുത്ത ജാഗ്രത കാണിക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഓര്‍മിപ്പിച്ചു. എന്റെ മകനും ഷാര്‍ജയിലെ പല റോഡുകളിലും സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, നിങ്ങളുടെ ജോലിയെ പിന്തുണക്കുന്നു. നിയമപാലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ സുരക്ഷിതത്വം ആശംസിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതരായി നിലനിര്‍ത്തുന്നത് നിങ്ങളുടെ മഹത്തായ സേവനമാണെന്നും ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി.
ഷാര്‍ജ ഭരണാധികാരിയുടെ ശബ്ദം നൂറുകണക്കായ പട്രോള്‍ ഓഫിസര്‍മാരുടെയും ഫീല്‍ഡിലുള്ള പൊലിസുകാരുടെയും വയര്ലെസുകളിലേക്ക് തല്‍ക്ഷണം എത്തുകയായിരുന്നു. പലരേയും ഭരണാധികാരിയുടെ ശബ്ദം അക്ഷരാര്ഥത്തില്അമ്പരപ്പിക്കുകതന്നെ ചെയ്തു. ഷാര്‍ജ പൊലിസ് ജനറല്‍ കമാന്റ് ആന്റ് ഓപറേഷന്‍സ് സെന്ററാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.