Novel

ശിശിരം: ഭാഗം 125

രചന: മിത്ര വിന്ദ

അമ്മുവും നകുലനും നാട്ടിലേക്ക് പുറപ്പെടുവാണെന്ന് അറിഞ്ഞതും ജയന്തി ചേച്ചിയുടെ മുഖം വാടി.
എന്നാലും അവരത് പുറമേ കാണിച്ചില്ല. ഇവിടെയാകുമ്പോൾ അവർക്ക് ഒരുപാട് സന്തോഷമായിരുന്നു, സ്വന്തം വീട്ടിലേ ഒരംഗം എന്നതുപോലെ ആയിരുന്നു, അമ്മുവും നകുലനും അവരോട് പെരുമാറിയിരുന്നത്,
അവരും തിരിച്ചതുപോലെ തന്നെയായിരുന്നു

സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു, അവർ അമ്മുവിനെ പരിചരിച്ചത്. പലപ്പോഴും അമ്മു പറയാറുണ്ട് എന്റെ സതിയമ്മയുടെ ആത്മാവിന്റെ പുണ്യം കൊണ്ടാണ് ജയന്തിചേച്ചിയെ ഞങ്ങൾക്ക് കിട്ടിയതെന്ന്. അമ്മുവിന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ, അതുപോലെയായിരുന്നു അവർ നോക്കുന്നത്.

അവരെ രണ്ടാളെയും ചേച്ചിയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ നകുലിന് സമാധാനമായിരുന്നു. കുശുമ്പും കുന്നായ്മയും വഴക്കും ഒന്നുമില്ലാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരി സ്ത്രീയാണ് അവരെന്ന് നകുലൻ പലപ്പോഴും അമ്മുവിനോട് പറയും.. കുഞ്ഞുവാവയുടെ കൂടെ ചിലവഴിക്കുമ്പോൾ, പലപ്പോഴും തന്റെ സങ്കടമൊക്കെ  അലിഞ്ഞില്ലാതാകുന്നതായി ജയന്തിക്ക് തോന്നുമായിരുന്നു.

എല്ലാത്തിനും ആ വീട്ടിൽ അവർക്ക് പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു.

നിലവിലുള്ള ഓഫീസിൽ നിന്നും പിരിഞ്ഞുപോന്നപ്പോൾ നകുലൻ  അത്യാവശ്യം വലിയൊരു പാർട്ടി ഒക്കെ അവന്റെ സഹപ്രവർത്തകർക്ക് കൊടുത്തിട്ടാണ് അവിടെനിന്നും പടിയിറങ്ങിയത്.

അന്ന് അവൻ ഒന്നു മിനുങ്ങിയായിരുന്നു വന്നതും..  പിന്നെ ഇതൊന്നും അവൻ അത്ര പതിവില്ലാത്ത കാര്യമായതിനാൽ അമ്മു  എതിർത്തൊന്നും പറഞ്ഞതുമില്ല.

വന്നപാടെ, കേറി കുളിച്ച ശേഷം, നകുലൻ കിടന്നു ഒരൊറ്റ ഉറക്കമായിരുന്നു.
കുഞ്ഞുവാവയും സുഖമായിട്ട് ഉറങ്ങുന്നുണ്ട്. അമ്മു പതിയെ സ്വീകരണമുറിയിലേക്ക് ഇറങ്ങിവന്നു,, അവൾ ആലോചിക്കുകയിരുന്നു, യദുവേട്ടനും പ്രിയേച്ചിയും, ഗിരിജമ്മയിയുമൊക്കെ എന്തൊക്കെ അസഭ്യങ്ങൾ ആയിരുന്നു നകുലേട്ടനെ കുറിച്ച് പറഞ്ഞതെന്ന്. മുക്കുടിയൻ ആണെന്നും, കള്ളും കഞ്ചാവും ആയിട്ട്, ഏതുനേരവും  നാട്ടിൽ കൂടി നടക്കുമെന്നും,കയ്യിലില്ലാത്ത തോന്നിവാസങ്ങൾ ഒന്നും ഇല്ലെന്നും, ബിന്ദു അമ്മായി എല്ലാം ഒളിപ്പിച്ച് മകന്റെ കൂടെ ഒത്താശ പാടി നടക്കുകയാണെന്നും…. ജോലി കിട്ടി എറണാകുളത്തേക്ക് പോയി എന്നൊക്കെയാണ് പറയുന്നത്, അവിടെ കാണിച്ചു കൂട്ടുന്ന തരികിടകൾ ഒക്കെ, നാട്ടുകാരിൽ പലരും അറിഞ്ഞിട്ടുണ്ട്.
സത്യത്തിൽ അതൊക്കെ കേട്ടപ്പോഴാണ് നകുലേട്ടനോട് തനിക്കും വെറുപ്പായിരുന്നത്.

ആളെ വല്ലപ്പോഴും നേർക്ക് നേർ കാണുമ്പോൾ താൻ ഓടിമറയുമായിരുന്നു.ഭയമായിരുന്നു തനിക്ക് നകുലേട്ടനെ കാണുന്നതുപോലും.. പരിശുദ്ധിയുടെയും വിശ്വാസത്തിന്റെയും, നിറകുടമായിട്ട് താൻ കണ്ടിരുന്ന, കിച്ചേട്ടന്റെയും യദുവേട്ടന്റെയും തനി സ്വഭാവം മനസ്സിലാക്കിയത്, തന്റെ അമ്മ തന്നെ വിട്ടു പോയപ്പോഴാണ്…ഗിരിജമ്മായി നകുലേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് കഴിഞ്ഞാൽ, ജീവിതത്തിൽ ഒരിക്കൽ പോലും  ആ മനുഷ്യന്റെ മുഖത്ത് പോലെ നോക്കാൻ, തനിക്ക് ആവില്ലായിരുന്നു…

എന്നാൽ സതിയമ്മ മാത്രം ഒരിക്കൽ പോലും ഒരു കുറ്റവും പറഞ്ഞിട്ടില്ല..

ആളുകളൊക്കെ വേണ്ടാതീനം പറയുന്നതാണെന്നും, നകുലൻ ഒരു പാവമാണ്, അല്പസ്വല്പം കുടിക്കുവായിരിക്കും, അതൊക്കെ ഈ നാട്ടിലെ, എല്ലാ തരപ്പടിക്കാരും,ചെയ്യുന്നതാണെന്നും, അല്ലാണ്ട് കഞ്ചാവ് അടിച്ച്, അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത. സ്ഥിതിയിൽ ഉള്ളവനൊന്നുമല്ലെന്നും, പറഞ്ഞു അമ്മ തന്നോട് വാദിച്ചു.

അന്നൊക്കെ താൻ അമ്മോട് ഒരുപാട് വഴക്ക് കൂടിയിട്ടുണ്ട്..

പക്ഷെ അമ്മേം പെങ്ങളേം തിരിച്ചു അറിയാത്ത വിധം തന്നോട് അപമാര്യാദയായിയത്, ആരാണ്.

ഓർമ വെച്ച നാൾ മുതൽ, താൻ തന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ട് സ്നേഹിച്ച, യദുവേട്ടൻ.
ഒടുവിൽ ഇരുട്ട് തപ്പി അയാൾ വന്നപ്പോൾ, അന്ന് നകുലേട്ടൻ വന്നില്ലയിരിന്നുങ്കിലത്തെ അവസ്ഥ…
അതോർക്കുമ്പോൾ ഇന്നും ഞെട്ടലാണ്.

അമ്മു……
ജയന്തി ചേച്ചി വിളിച്ചതും അവൾ ഞെട്ടി മുഖമുയർത്തി.

ചേച്ചി… കുഞ്ഞു എഴുന്നേറ്റോ.

ഇല്ല മോളെ… ഉറക്കമാ, മോളെ കാണാഞ്ഞിട്ട് ഞാൻ വന്നു നോക്കീതാ..

നാകുലേട്ടൻ ഓഫ്‌ ആയല്ലേ ചേച്ചി.

ഹ്മ്… ഇന്ന് ആളൊന്ന് മിനുങ്ങിയാ വന്നേ..
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു

കൂട്ടുകാര് കുറെ ഇണ്ട് ചേച്ചി.. ഇനിയിപ്പോ പുതിയ കമ്പനിയിലേക്ക് കേറുവല്ലേ.

നാട്ടിലേക്ക് മറ്റന്നാൾ പോകും അല്ലേ മോളെ.

അതെ ചേച്ചി..
മറ്റന്നാൾ പോകാമെന്നോർത്താ. അവിടെ പോയിട്ട് കുറച്ചു ദിവസം നിൽക്കാമല്ലോ. അമ്മായിക്ക് കുഞ്ഞിനെ കാണാഞ്ഞിട്ട് സങ്കടമല്ലേ…

വിളിച്ചു പറഞ്ഞോ മോളെ ചെല്ലുന്ന കാര്യം.?

ഇല്ല ചേച്ചി… അമ്മായിക്ക് സർപ്രൈസ് ആവട്ടെന്നു കരുതി. പിന്നെ ശ്രീജേച്ചിയും ഉണ്ട് അവിടെ.

നാട്ടിലേക്ക് പോകുന്ന കാര്യങ്ങളൊക്കെ വളരെ സന്തോഷത്തോടുകൂടി അമ്മു പറയുമ്പോഴും, ജയന്തിയുടെ മുഖത്ത് വേദന നിഴലിച്ചു നിന്നു.

എന്തുപറ്റി ചേച്ചി… ചേച്ചിയുടെ മുഖം എന്താ വല്ലാണ്ട് ഇരിക്കുന്നേ

ഹേയ്
ഒന്നുമില്ല മോളെ… ചേച്ചിക്ക് കുഴപ്പമൊന്നുമില്ല. മോൾക്ക് തോന്നുന്നതാണ്.

അമ്മുവിന്റെ അടുത്ത് നിന്നും അവർ അടുക്കളയിലേക്ക് പോയപ്പോൾ, അവളൊന്ന് എത്തിനോക്കി. അമ്മുവിന് വ്യക്തമായിട്ട് അറിയാം ചേച്ചിക്ക് സങ്കടം ആണെന്നുള്ളത്, എന്നാലും ചേച്ചി അതൊന്നും തങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുന്നില്ല..
ഒരു പുഞ്ചിരിയോടുകൂടി അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് നേരെ റൂമിലേക്ക് ചെന്നപ്പോൾ, കുഞ്ഞുവാവ തൊട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ്.

കുഞ്ഞിന്റെ തലയൊക്കെ ഉരുണ്ടു വരണം എന്നും പറഞ്ഞ്, ജയന്തി ചേച്ചി ആയിരുന്നു, തുണികൊണ്ടുള്ള ഒരു തൊട്ടിൽ കെട്ടിയത്. എന്നിട്ട് കുഞ്ഞിനെ അതിൽ കിടത്തി ഉറക്കി.. ആദ്യത്തെ ഒരു ദിവസം മാത്രം  കുഞ്ഞുവാവ അല്പം ഒന്ന് ചിണങ്ങിയിരുന്നു, പിന്നീട് ഉള്ള ദിവസങ്ങളിൽ അതൊക്കെ മാറി,
ആള് ഹാപ്പിയായി.

ഒരു ബെഡ് ഷീറ്റ് എടുത്ത് തറയിൽ വിരിച്ച് അതിൽ കമിഴ്ന്നു കിടന്നുറങ്ങുകയാണ് നകുലൻ.
ആ കിടപ്പ് നോക്കി അമ്മു ഇത്തിരി നേരം നിന്നു.,

എന്നിട്ട്, അലമാര തുറന്ന്, നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള കുഞ്ഞുവാവയുടെ തുണികൾ ഒക്കെ, പായ്ക്ക് ചെയ്യുവാൻ തുടങ്ങി.

****
ഈ മാസം ഇതേ വരെ ആയിട്ടും periods ആയില്ല യദുവേട്ട. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെ ഉണ്ടാകാറുള്ളത് കൊണ്ട്, ഞാനത്ര കാര്യമാക്കുന്നില്ല കേട്ടോ..

യദുവിനോട് ചേർന്ന് കിടക്കുമ്പോൾ മീനാക്ഷി സാവധാനം പറഞ്ഞു.

ഹ്മ്… വരട്ടെ നോക്കാം
താൻ ടെൻഷനടിയ്ക്കുവൊന്നും വേണ്ട..

ഹേയ്.. എനിയ്ക്ക് ഇപ്പൊ ടെൻഷൻ ഒന്നുമില്ല. ഗുരുവായൂർ പോയി വന്നപ്പോൾ മുതൽ, എല്ലാം വരുന്നിടത്ത് വച്ച് കാണുവാനുള്ള ഒരു മനക്കരുത്ത് ഭഗവാൻ എനിക്ക് തന്നു. നേരത്തെയൊക്കെ പീരീഡ്സ് ആവുന്നത് ലേറ്റ് ആയാൽ ഉടനെ ഞാൻ എന്റെ അമ്മയെയും, ശ്രുതിയും ഒക്കെ വിളിച്ച് പറയുമായിരുന്നു, എന്നിട്ട് പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കും, സദാ നേരവും അമ്മ വിളിച്ചിട്ട്, വിശേഷം തിരക്കി കൊണ്ടിരിക്കും.. ഒടുവിൽ എന്തായി,,,, ഈ കട്ടിലിൽ കിടന്ന് പൊട്ടി കരയുവാൻ എനിക്ക് നേരമുള്ളൂ… അതുകൊണ്ട്, ഇപ്പോ ഈ പറച്ചിൽ ഒക്കെ ഞാൻ നിർത്തി. ഭഗവാൻ തരുന്ന നേരത്ത് ഇരു കൈകളും നീട്ടി സ്വീകരിക്കും, ഇനി അഥവാ തന്നില്ലെങ്കിൽ, അതായിരിക്കും നമ്മുടെ വിധി എന്നോർത്ത് സമാധാനിക്കും, ഈയൊരു കാര്യത്തിന് ഇതിൽ രണ്ടൊരു ഉത്തരമല്ലേ ഉള്ളൂ.

ഹമ്….. മതി പറഞ്ഞത്..നേരം ഒരുപാട് ആയി കിടന്നുറങ്ങാൻ നോക്ക്..
അവൻ മീനാക്ഷിയുടെ തോളിൽ തട്ടി.

ആഹ്…..
അവളൊന്നു നെടുവീർപ്പെട്ടു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!