റിയാദ് ക്യാമല്‍ ഫെസ്റ്റിവല്‍ 26ന് തുടങ്ങും
റിയാദ്: സഊദി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന റിയാദ് ക്യാമല്‍ ഫെസ്റ്റിവല്‍ 26 മുതല്‍ 28വരെ നടക്കും. ക്യാമല്‍ ഇയര്‍ 2024ന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സഊദിയുടെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ആഘോഷം. സഊദി സമൂഹത്തില്‍ ഒട്ടകത്തിനുള്ള സ്ഥാനവും കൂടി മുന്‍നിര്‍ത്തിയാണ് ക്യാമല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒട്ടകവുമായി ബന്ധപ്പെട്ട നാലു സമകാലിക പരിപാടികളാണ് പ്രധാനമായും നടക്കുക. വൈവിധ്യമാര്‍ന്ന ഒട്ടകങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ചായ ക്യാമല്‍ പാത്ത്സ്, ഒട്ടകത്തിന്റെ പൂഞ്ഞയില്‍ പ്രൊജക്ട് ചെയ്ത രീതിയില്‍ ലൈറ്റ് ഘടിപ്പിച്ചുള്ള ക്യാമല്‍ ഹംപ്സ്, ഒട്ടകങ്ങളെക്കുറിച്ചുള്ള 3ഡി അനിമേറ്റഡ് ഉള്ളടക്കത്തോടെയുള്ള ഡിസ്പ്ലേ സ്ക്രീന്‍ ഉപയോഗപ്പെടുത്തിയുള്ള അല്‍ വജ്നാ, ഒട്ടകങ്ങളെ അണിയിച്ചൊരുക്കി എഴുന്നള്ളിക്കുന്ന മാര്‍ച്ച് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.