UAE

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം

ദുബൈ: 71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു ഇന്ത്യക്കാര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം തടവും രണ്ടു ലക്ഷം ദിര്‍ഹംവീതം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29ന് ദുബൈയിലേക്ക് ഇന്ത്യയില്‍നിന്നും കയറ്റിയയച്ച വസ്തുവില്‍ ദുബൈ വിമാനത്താവള അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 71.52 കിലോഗ്രാം തൂക്കംവരുന്ന മയക്കുമരുന്നായ 1,48,380 പ്രെഗാബാലിന്‍ ഗുളികകള്‍ പിടികൂടിയത്.

മൂന്നു കാര്‍ട്ടണുകളിലായി എത്തിച്ച വസ്തുക്കള്‍ സംശയം തോന്നി ഉദ്യോഗസ്ഥര്‍ എക്‌സ്‌റേയില്‍ പരിശോധിക്കുകയായിരുന്നു. മാനസിക രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഇത്തരം ഗുളികകള്‍ യുഎഇ നിയമപ്രകാരം രാജ്യത്തേക്ക് കടത്തുന്നത് കുറ്റകരമാണ്. ദുബൈ പൊലിസിന്റെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ വകുപ്പിന്റെ കൂടി സഹായത്തോടെയായിരുന്നു ഓപറേഷന്‍.

കയറ്റുമതി ചെയ്ത വസ്തുക്കള്‍ ശേഖരിക്കാന്‍ എത്തിയ ഇന്ത്യക്കാരനായ ഷിപ്പിങ് കമ്പനി പ്രതിനിധിയാണ് കേസില്‍ പ്രതികളായ രണ്ടു പേരില്‍ ഒരാളായ ഇന്ത്യക്കാരനുള്ളതാണ് ഈ വസ്തുക്കളെന്നും താന്‍ ഇത് കമ്പനി ഏല്‍പ്പിച്ച പ്രകാരം ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കൈപറ്റുക മാത്രമാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു. കേസിന്റെ വിചാരണാ വേളയില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!