പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു
റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അവലോകന യോഗങ്ങളിലടക്കം ഈ ആവശ്യങ്ങൾ ദേവസ്വം മുന്നോട്ടുവെച്ചു
അതേസമയം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാർട്ടിയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസ് നേതാവ് എന്നിവരുടെ പേരുകൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. പോലീസ് നിയമപരമായാണ് പ്രവർത്തിച്ചത്. കമ്മീഷണർ അങ്കിത് അശോകിന്റെ പ്രവർത്തനത്തോടുള്ള നീരസം ചില പോലീസ് ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.