അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി; സ്റ്റേഷന് പുറത്ത് ആരാധകക്കൂട്ടം, വൻ സുരക്ഷാ സന്നാഹം

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർ താരം അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചിക്കഡപള്ളി പോലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. സ്റ്റേഷൻ പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്
സ്റ്റേഷന് പുറത്ത് അല്ലു അർജുന്റെ ആരാധകരുടെ വലിയ നിര തമ്പടിച്ചിട്ടുണ്ട്. കേസിൽ 13ാം തീയതി അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ തെലങ്കാന ഹൈക്കോടതി നാല് ആഴ്ചത്തേ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം താരം ജയിൽമോചിതനായി
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്ലു അർജുൻ എത്തുന്നതറിഞ്ഞ് തീയറ്ററിൽ വലിയ ആൾക്കൂട്ടമുണ്ടാകുകയും ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ദിൽകുഷ്നഗർ സ്വദേശിനി രേവതി(39) മരിക്കുകയുമായിരുന്നു. ഇവരുടെ മകൻ ശ്രീതേജ് മസ്തിഷ്ക മരണം സംഭവിച്ച് ആശുപത്രിയിലാണുള്ളത്.