Sports

ഒടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ – പാക് മത്സരം ദുബൈയില്‍

ഇന്ത്യ ഫൈനലിലെത്തിയാല്‍ വേദി മാറ്റും

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഐ സി സി. പാക്കിസ്ഥാനില്‍ ഇന്ത്യയും ഇന്ത്യയില്‍ പാക്കിസ്ഥാനും കളിക്കില്ലെന്ന നിലപാട് ഉറപ്പിച്ചതോടെയാണ് ഷെഡ്യൂളുമായി ബന്ധപ്പെട്ട ആശങ്ക ഉയര്‍ന്നുവന്നത്. ഹൈബ്രിഡ് മാതൃകയില്‍ മത്സരം നടത്താമെന്ന ധാരണയിലാണ് പുതിയ തീരുമാനം.

ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനില്‍ ഇന്ത്യ ടൂര്‍ണമെന്റ് കളിക്കില്ലെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയ വിഷയമാണ് ഇതിന് പിന്നിലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. കളിക്കാരുടെ സുരക്ഷയിലും ഇന്ത്യ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി സി സി ഐയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ച നടത്തിയത്.

പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം ദുബൈയില്‍ നടത്താമെന്നും ഫൈനലില്‍ ഇന്ത്യയെത്തിയാല്‍ അതും ദുബൈയില്‍ നടത്താമെന്നുമാണ് തീരുമാനം. ഇന്ത്യയുടെ ഒരു മത്സരങ്ങളും പാക്കിസ്ഥാനില്‍ നടക്കില്ല.

ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മാര്‍ച്ച് 9നാണ് അവസാനിക്കുന്നത്. റിസര്‍വ് ഡേയായി 10ാം തീയ്യതിയുമുണ്ട്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുക.ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ്.

ഇന്ത്യയെ സംബന്ധിച്ചും പാകിസ്താനെ സംബന്ധിച്ചും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാകാത്തതിന്റെ ദേഷ്യം ഇന്ത്യയെ തോല്‍പ്പിച്ച് പരിഹരിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക. ഇതിനെ തടുക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുമ്പോള്‍ ദുബായില്‍ തീപാറും.

പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ ദുബായില്‍ അനുഭവസമ്പത്ത് പാകിസ്താനാണ്. എന്നാല്‍ ഐപിഎല്ലടക്കം ദുബായില്‍ കളിച്ചിട്ടുള്ള ഇന്ത്യക്ക് പാകിസ്താന്റെ വെല്ലുവിളിയെ മറികടക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നേടിയ ടീമാണ് പാകിസ്താന്‍. ഈ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ അവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശാണ്. ഫെബ്രുവരി 20നാണ് ഈ മത്സരം. യുഎഇയിലാണ് ഈ മത്സരം നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!