‘അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..’; വീണ്ടും വിവാദം
ഇനി അല്ലു അര്‍ജുന്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ ഭൂപതി റെഡ്ഡി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് എംഎല്‍എയുടെ ഭീഷണി. തെലങ്കാനയില്‍ അല്ലുവിന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും സിനിമക്ക് എതിരല്ല. സിനിമയുടെ വളര്‍ച്ചക്കായി ഹൈദരാബാദില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഭൂമി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. പുഷ്പ സിനിമയില്‍ സമൂഹത്തിന് ഗുണകരമാവുന്ന ഒന്നുമില്ല. ഒരു കള്ളക്കടത്തുകാരന്റെ കഥയാണ് പുഷ്പ. മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോള്‍ ശ്രദ്ധയോടെ സംസാരിക്കണം.
നിങ്ങള്‍ ആന്ധ്രയില്‍ നിന്ന് ജീവിക്കാനായാണ് ഇവിടെ വന്നത്. എന്താണ് തെലങ്കാനക്കായുള്ള നിങ്ങളുടെ സംഭാവന. ഞങ്ങള്‍ 100 ശതമാനം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഭൂപതി റെഡ്ഡി പറയുന്നത്.
അതേസമയം, തിയേറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടന്ന കേസും അറസ്റ്റും ചോദ്യം ചെയ്യലും ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് മറ്റ് ആക്ഷേപങ്ങളും അല്ലു അര്‍ജുനെതിരെ നടക്കുകയാണ്. ‘പുഷ്പ 2’ ചിത്രത്തിലെ ഒരു സീനിന്റെ പേരില്‍ താരത്തിനും പുഷ്പ 2 സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന സീനുണ്ട്. ഇതിനെതിരെയാണ് പരാതി. മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. ഇത് എങ്ങനെ അംഗീകരിക്കാനാകില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണം എന്നാണ് മല്ലണ്ണയുടെ ആവശ്യം.