National

പുരുഷനായ അധ്യാപകന് പ്രസവാവധി ലഭിച്ചു; വിവാദം പുകയുന്നു

അന്വേഷണത്തിന് ഉത്തവിട്ട് വിദ്യാഭ്യാസ വകുപ്പ്

അധ്യാപകര്‍ക്ക് പ്രസവാവധി ലഭിക്കുകയെന്നത് വലിയ കാര്യമല്ല. പ്രസവത്തിന് മുമ്പ് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത് ലഭിക്കാറുണ്ട്. എന്നാല്‍, ബിഹാറില്‍ നടന്നത് വ്യത്യസ്തമായ സംഭവമായി. പ്രസവാവധിക്ക് അപേക്ഷിച്ച പുരുഷനായ അധ്യാപകന് അവധി അനുവദിച്ചിരിക്കുകയാണ്. പ്രസവാവധി ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും വിദ്യാഭ്യാസ വകുപ്പ് അവധി നിഷേധിച്ചതും.

പ്രസവാവധി ലഭിക്കാന്‍ അധ്യാപകന്‍ തെറ്റായ അപേക്ഷ നല്‍കിയതാണോ അതോ സോഫ്റ്റ് വെയറിന്റെ സാങ്കേതിക പിഴവ് കൊണ്ട് അങ്ങനെ സംഭവിച്ച് പോയതാണോയെന്ന കാര്യം അന്വേഷിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അവധിക്ക് അപേക്ഷിച്ച അധ്യാപകന് ലീവ് അനുവദിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പിഴവ് പറ്റിയ കാര്യം കണ്ടെത്തിയത്.അധ്യാപകര്‍ക്കായി സജ്ജീകരിച്ച പോര്‍ട്ടലില്‍ നിന്നാണ് അധ്യാപകന്റെ പ്രസവാവധിക്കുള്ള അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതര്‍ പറഞ്ഞത്.

അതേസമയം, അവധി ലഭിച്ച അധ്യാപകന് പണി ഉറപ്പാണ്. അധ്യാപകന്റെ പിഴവാണെങ്കിലും അല്ലെങ്കിലും നടപടിയുണ്ടാകുമെന്നാണ് റിപോര്‍ട്ട്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതിന് ഏതായാലും നടപടിയുണ്ടാകും. മനഃപൂര്‍വം അധ്യാപകന് തന്നെ പ്രസവാവധിക്ക് അപേക്ഷിച്ചതാണെങ്കില്‍ നടപടി കനക്കും.

Related Articles

Back to top button
error: Content is protected !!