മലയാള സാഹിത്യ, സിനിമ ലോകത്തിന് പുതിയ ഉണര്‍വും ബൗദ്ധിക ഉന്നമനവും ഉണ്ടാക്കിയ വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി കേരളം. വിഖ്യാത സാഹിത്യകാരന്റെ ഭൗതികശരീരം മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ അഗ്‌നി ഏറ്റുവാങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എം ടിയുടെ സഹോദരപുത്രന്‍ ടി സതീശന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പൊതുദര്‍ശനവും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും എം ടി ആഗ്രഹിച്ചിരുന്നില്ലെങ്കിലും പ്രിയ എഴുത്തുകാരനെ ഒറ്റക്ക് യാത്രയയക്കാന്‍ മലയാളികളുടെ സാഹിത്യ പ്രണയം അനുവദിച്ചില്ല. പ്രിയ എഴുത്തുകാരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ എ റഹീം എം പി, എം എല്‍ എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, ടി സിദ്ദീഖ്, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് തുടങ്ങിയ പ്രമുഖര്‍ ശ്മശാനത്തിലെ ചടങ്ങില്‍ പങ്കെടുത്തു.