Abudhabi

ഇറ്റാലിയന്‍ കപ്പലായ അമേരിഗോ വെസ്പൂച്ചി അബുദാബിയില്‍

അബുദാബി: ലോക പര്യടനം നടത്തുന്ന വിഖ്യാത ഇറ്റാലിയന്‍ കപ്പലായ അമേരിഗോ വെസ്പൂച്ചി അബുദാബിയിലെത്തി. കുവൈറ്റും ഒമാനുമെല്ലാം സന്ദര്‍ശിച്ച ശേഷമാണ് കപ്പല്‍ അബുദാബിയിലെ സായിദ് തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ടിരിക്കുന്നത്. 31 വരെയാണ് കപ്പല്‍ തലസ്ഥാനത്തുണ്ടാവുക. ഇറ്റാലയിന്‍ നേവിയുടെ ഐകണിക്കായ പരിശീലന കപ്പലാണിത്. ഇറ്റലിക്കൊപ്പം യുനെസ്‌കോ, യൂനിസെഫ് എന്നിവയുടെ അംബാസഡറുമാണ് 93 വര്‍ഷത്തിന്റെ ചരിത്രം പേറുന്ന ഈ കപ്പല്‍.

യുഎയില്‍ ആദ്യമായാണ് കപ്പലെത്തുന്നത്. 2023 ജൂലൈ ഒന്നിനാണ് കപ്പല്‍ തങ്ങളുടെ ലോക പര്യടനത്തിന് ഇറ്റലിയില്‍നിന്നും പുറപ്പെട്ടത്. അഞ്ചു ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിലെ 30 തുറമുഖങ്ങളിലാവും കപ്പല്‍ അടുക്കുക. ഇറ്റലിയുടെ മറ്റൊരു കപ്പലായ വില്ലാഗിയോ ഇറ്റാലിയയും പെസ്പൂച്ചിക്കൊപ്പം അബുദാബിയിലേക്ക് എത്തിയിട്ടുണ്ട്. ഈ രണ്ട് കപ്പലുകളും ഒന്നിച്ചാണ് ലോക തുറമുഖങ്ങളിലൂടെ സഞ്ചരിക്കുന്നത്.

ലോസ് ആഞ്ചല്‍സ്, ടോകിയോ, ഡാര്‍വിന്‍, സിങ്കപ്പൂര്‍, മുംബൈ, ദോഹ തുടങ്ങിയ നഗരങ്ങളിലെ തുറമുഖങ്ങളിലും കപ്പല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യമായി കപ്പലിനകത്തേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. tourvespucci.it/en/abu-dhabi-27-31-december-2024 എന്ന സൈറ്റിലൂടെയാണ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!