ഐന്‍ ദുബൈ വീണ്ടും തുറന്നു; പ്രവേശന ഫീസ് ആരംഭിക്കുന്നത് 145 ദിര്‍ഹത്തില്‍

ദുബൈ: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2022 മാര്‍ച്ചില്‍ അടച്ചിട്ട ഐന്‍ ദുബൈ വീണ്ടും തുറന്നു. നഗരത്തിന്റെ ഐക്കണ്‍ ആയി കുറഞ്ഞ കാലംകൊണ്ട് മാറിയ ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ് വീണ്ടും തുറന്നിരിക്കുന്നത്. സന്ദര്‍ശനത്തിനായുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഐന്‍ ദുബൈയുടെ സൈറ്റില്‍ തുടക്കമായിട്ടുണ്ട്. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് ഇതിന്റെ സോഫ്റ്റ് ലോഞ്ച് നടന്നതായി ദുബൈ ഐയുടെ കസ്റ്റമര്‍ കെയര്‍ പ്രതിനിധി വെളിപ്പെടുത്തി.
250 മീറ്റര്‍ ഉയമുള്ള വീല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റീ ഓപണിനെക്കുറിച്ച് പ്രസ്താവന ഇറക്കാന്‍ ഐന്‍ ദുബൈയുടെ ഓപറേറ്ററായ ദുബൈ ഹോള്‍ഡിങ് അധികാരികള്‍ തയാറായിട്ടില്ല. നിലവില്‍ സൈറ്റ് സന്ദര്‍ശിച്ചാല്‍ അത് അടഞ്ഞു കിടക്കുന്നതായുള്ള സന്ദേശം കാണുന്നില്ലെന്ന് മാത്രം.
വ്യൂസ് എന്ന വിഭാഗത്തില്‍ 145 ദിര്‍ഹവും വ്യൂസ് പ്ലസിന് 190 ദിര്‍ഹവും പ്രീമിയം 265 ദിര്‍ഹവും വിഐപിക്ക് 1,260 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയില്‍ ചൊവ്വ മുതല്‍ വെള്ളിവരെ ഉച്ച 12 മുതല്‍ രാത്രി ഒമ്പതുവരെയാണ് സന്ദര്‍ശന സമയം. ആഴ്ച അവധി ദിനങ്ങളില്‍ ഇത് രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയായിരിക്കും. ദുബൈ ആകാശരേഖയുടെ 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന ഐന്‍ ദുബൈയുടെ ഓരോ സവാരിയും 38 മിനുട്ടാവും നീണ്ടുനില്‍ക്കുക. 1,750 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 48 ക്യാബിനുകളാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. ലാസ് വേഗാസിലെ ഹൈ റോളറിനെക്കാള്‍ 82 മീറ്റര്‍ ഉയരം കൂടുതലുള്ളതുകൂടിയാണ് ഐന്‍ ദുബൈ.