ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്
ഏറെ നാടകീയ നിമിഷങ്ങൾ പിറന്ന മത്സരത്തിനൊടുവിൽ മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ പ്രതിരോധ കോട്ട പൊളിച്ച് ഓസ്‌ട്രേലിയ നേടിയത് 184 റൺസിന്റെ വീജയം. 340 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സമനിലക്കായി പൊരുതിയെങ്കിലും 79.1 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി.
ഉറച്ച പ്രതിരോധവുമായി ഒരു വശത്ത് ഉറച്ച് നിന്ന് അർധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 208 പന്തിൽ എട്ട് ഫോറുകൾ സഹിതം 84 റൺസാണ് താരം എടുത്തത്. വിവാദ തീരുമാനത്തിലൂടെയായിരുന്നു ജയ്‌സ്വാളിന്റെ പുറത്താകൽ. ജയത്തോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 3 ന് സിഡ്‌നിയിൽ നടക്കും
ജയ്‌സ്വാളിന് പുറമെ 104 പന്തിൽ 30 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത അർധസെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യക്ക് സമനില പ്രതീക്ഷ നൽകിയിരുന്നു. അവസാന ദിനം ചായക്ക് പിരിയുമ്പോൾ 3ന് 112 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവസാന സെഷനിൽ 43 റൺസിനിടെ ബാക്കി ഏഴ് വിക്കറ്റുകളും ഓസീസ് എറിഞ്ഞിട്ടു
അവസാന സെഷന്റെ തുടക്കത്തിൽ തന്നെ അനാവശ്യ ഷോട്ടിന് മുതിർന്ന് പന്ത് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തൊട്ടുപിന്നാലെ 14 പന്തിൽ 2 റൺസുമായി ജഡേജയും അഞ്ച് പന്തിൽ ഒരു റൺസുമായി നിതീഷ് കുമാർ റെഡ്ഡിയും വീണു. വാഷിംഗ്ടൺ സുന്ദർ അഞ്ച് റൺസിനും ആകാശ് ദീപ് ഏഴ് റൺസിനും ബുമ്ര പൂജ്യത്തിനും സിറാജ് പൂജ്യത്തിനും വീണതോടെ ഇന്ത്യൻ പതനം പൂർത്തിയായി.