Kerala

യൂസ്ഡ് കാര്‍ ഷോറൂമിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട്: ക്രിക്കറ്റ്, സിനിമാ താരങ്ങള്‍ക്കും പങ്ക്

[ad_1]

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷണം ചെന്നെത്തിയത് യൂസ്ഡ് കാര്‍ ഷോറൂമിന്‍റെ മറവില്‍ നടത്തിയ വന്‍കിട കള്ളപ്പണ ഇടപാടില്‍. കഴിഞ്ഞ രണ്ടു ദിവസമായി റോയല്‍ ഡ്രൈവ് എന്ന യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇ ഡിയും ആദായനികുതി വകുപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു.

വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കുകയും പിന്നീട് ഈ തുക പണമായി കൈപറ്റുകയും ചെയ്യുന്നതാണ് രീതി. കോടികളുടെ കള്ളപ്പണമാണ് ഇങ്ങനെ മാറ്റിയെടുത്തതെന്നാണ് സൂചന. ക്രിക്കറ്റ് താരങ്ങള്‍ക്കും ചില മലയാള സിനിമ താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് ഇ ഡി തീരുമാനം.

കോഴിക്കോടുള്ള യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍റെ ഉടമസ്ഥതയിലുള്ള റോയല്‍ ഡ്രൈവ് എന്ന യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷനിലെ അന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. കാര്‍ ഷോറൂമിന്‍റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍തുകയുടെ ഇടപാടുകള്‍ സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം അക്കൗണ്ടില്‍ ഇടപാടുകള്‍ രേഖപ്പെടുത്താതെ റോയല്‍ ഡ്രൈവില്‍ വിറ്റതായി കണ്ടെത്തി. കൂടാതെ, കള്ളപ്പണം നല്‍കിയാണ് ഷോറൂമില്‍ നിന്ന് കാറുകള്‍ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരവും നിരവധി മലയാള സിനിമാ താരങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ പല മലയാള സിനിമകളുടെയും പ്രമോഷനുകള്‍ പൊടുന്നനെ നിലയ്ക്കുകയും ചിത്രങ്ങളുടെ വിജയം സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കുകയും ചെയ്തത് ഇ ഡിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നടന്‍ സൗബിന്‍ ഷാഹിറുമായി ബന്ധപ്പെട്ട ആഡംബര കാര്‍ ഷോറൂമില്‍ നടത്തിയ പരിശോധനയാണ് കോടികളുടെ കള്ളപ്പണ ഇടപാടിലേക്ക് ആദായ നികുതി വകുപ്പിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും എത്തിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും (പി.എം.എല്‍.എ.) ആദായനികുതി നിയമവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



[ad_2]

Related Articles

Back to top button