ഇനി ബുമ്രയുമായി തർക്കിക്കാനില്ല, അദ്ദേഹം ലോകോത്തര ബൗളറാണ്: സാം കോൺസ്റ്റാസ്
ഇനിയൊരു സാഹചര്യമുണ്ടായാൽ ജസ്പ്രീത് ബുമ്രയോട് തർക്കിക്കാൻ നിൽക്കില്ലെന്ന് ഓസീസ് യുവ താരം സാം കോൺസ്റ്റാസ്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ബുമ്ര-കോൺസ്റ്റാസ് പോര് ഏറെ ചർച്ചയായിരുന്നു. പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കോൺസ്റ്റാസ്
ഇന്ത്യ ഓരോവർ കൂടി എറിയാതിരിക്കാൻ കുറച്ച് സമയം കളയാമല്ലോ എന്ന് കരുതിയാണ് ബുമ്രയോട് സംസാരിച്ചത്. എന്നാൽ അവസാനം ബുമ്ര തന്നെ വിജയിച്ചു. അദ്ദേഹം ലോകോത്തര ബൗളറാണ്. പരമ്പരയിലാകെ 32 വിക്കറ്റുകളാണ് നേടിയത്. ഒരിക്കൽ കൂടി അങ്ങനെയൊരു സാഹചര്യം വന്നാൽ ഞാൻ ഒന്നും പറയാൻ പോകില്ലെന്നും സാം കോൺസ്റ്റാസ് പറഞ്ഞു
സിഡ്‌നി ടെസ്റ്റിനിടെയാണ് സംഭവം. ആദ്യദിനം അവസാന ഓവർ എറിയാൻ ബുമ്ര തുടങ്ങിയെങ്കിലും സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന ഖവാജ തയ്യാറായിരുന്നില്ല. എന്താണ് വൈകുന്നതെന്ന് ഈ സമയം അമ്പയറോട് ബുമ്ര ചോദിച്ചപ്പോഴാണ് കോൺസ്റ്റാസ് ഇടപെട്ടത്. ഇതോടെ നിനക്ക് എന്താണ് ഇതിൽ കാര്യമെന്നായി ബുമ്ര. പിന്നാലെ ഇരു താരങ്ങളും നേർക്ക് നേർ വരികയും അമ്പയർ ഇടപെട്ട് അനുനയിപ്പിക്കുകയുമായിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ ഖവാജയെ പുറത്താക്കി ബുമ്ര മറുപടി നൽകുകയും ചെയ്തിരുന്നു