Kerala
തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറ് പേരിൽ പാലക്കാട് സ്വദേശിനിയും
തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറ് പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിർമലയാണ്(52) മരിച്ചത്. നിർമലയും ബന്ധുക്കളും അടക്കമുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് നിർമല മരിച്ചെന്ന വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്. മരിച്ച ആറ് പേരിലുള്ള നിർമല കർണാടക സ്വദേശിനിയാണെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. പിന്നീട് ഈ വിവരം തിരുത്തി നൽകുകയായിരുന്നു
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയിലെ കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിൽ അപകടം നടന്നത്.