വാളയാർ കേസ്: സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുടുംബം, പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യം
വാളയാർ കേസിൽ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്ന് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോൾ വീട്ടിൽ കയറി തല്ലിയെന്നും കുടുംബം വ്യക്തമാക്കി. അന്ന് നിയമവശങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാതിരുന്നതെന്നാണ് വാദം.
പ്രോസിക്യൂട്ടറെ മാറ്റാൻ വീണ്ടും സർക്കാരിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ.രാജേഷ്.എം.മേനോനെ ഇനിയെങ്കിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന്റെ അവകാശമാണ് വിശ്വാസമുള്ള പ്രോസിക്യൂട്ടർ വേണമെന്നത്. നിലവിലെ പ്രോസിക്യൂട്ടർ ഫോണിൽ പോലും വിളിച്ച് വിവരങ്ങൾ തേടിയിട്ടില്ല. പ്രോസിക്യൂട്ടറെ മാറ്റാൻ വീണ്ടും സർക്കാരിനെ സമീപിക്കുമെന്നും കുട്ടികളുടെ കുടുംബം പറഞ്ഞു
വാളയാർ കേസിൽ പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്താണ് സിബിഐ ഇന്നലെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്.