പി വി അന്‍വറും ബോബിയും ഹണിറോസും എല്ലാം ചര്‍ച്ച ചെയ്യുന്ന കേരളത്തില്‍ നര്‍മം പടര്‍ത്തുന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. അതും രാഷ്ട്രീയ, ചലചിത്ര പ്രമുഖരുടെ നേതൃത്വത്തില്‍. വേദിയിലിരിക്കെ കൈ കൊടുക്കുമ്പോള്‍ അപ്പുറത്തുള്ളവര്‍ കാണാതെയാകുമ്പോഴുള്ള ജാള്യത വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവിട്ട് പരസ്പരം ട്രോളുന്ന രീതി തുടങ്ങിവെച്ച സംവിധായകന് ബേസില്‍ തന്നെ പുതിയ ചര്‍ച്ചകള്‍ക്കും ആക്കം കൂട്ടുകയാണ്.
കഴിഞ്ഞ ദിവസം ആസിഫലിയില്‍ നിന്ന് കൈ കിട്ടാതെയായി പോയ മന്ത്രി ശിവന്‍കുട്ടി ബേസിലിനെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സംവിധായകനും നടനുമായ താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭ്രമയുഗം എന്ന സിനിമയില്‍ മമ്മുട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗിന്റെ സ്വഭാവത്തിലാണ് ബേസിലിന്റെ കമന്റ്.
‘വെല്‍ക്കം സര് വെല്‍ക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’ എന്നാണ് ബേസില്‍ കുറിച്ചത്. ഈ കൈകിട്ടാ ട്രോളിന് തുടക്കം കുറിച്ച ബേസിലിന്റെ കമന്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
‘പക്ഷെ തക്ക സമയത്ത് ഞാന്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’ എന്നായിരുന്നു ടൊവിനോ കമന്റ് പങ്കുവെച്ചത്.
അതിനിടെ, കൈകിട്ടാ ക്ലബ്ബിലേക്ക് മന്ത്രി പുതിയൊരു ആളെ കൂടി ക്ഷണിച്ചിട്ടുണ്ട്. എ എ റഹിം എം പി യാണ് ഇപ്പോള്‍ കൈകൊടുക്കാന്‍ വന്നപ്പോള്‍ കിട്ടാതെ വൈറല്‍ ക്ലബ്ബില്‍ കേറിയിരിക്കുന്നത്. വസീഫും റഹീമും കൂടിയുള്ള ഒരു സ്റ്റേജ് പ്രോഗ്രാമിലാണ് സംഭവം. കൂടെയുള്ള ആള്‍ക്ക് കൈകൊടുക്കാന്‍ നോക്കിയെങ്കിലും കൈ കിട്ടിയില്ല . ഈ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മന്ത്രി വി ശിവന് കുട്ടിയാണ് ഇപ്പോള്‍ ഇത് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ‘യെസ് ഗയ്സ്… ഞാനും പെട്ടു’ എന്ന് എ എ റഹീം കമന്റ് ഇട്ടിട്ടുണ്ട്. സ്വാഗതം എന്നാണ് മന്ത്രി വി ശിവന്‍കുട്ടി വീഡിയോ പങ്കുവെച്ച് കുറിച്ചത്.