Novel

പ്രണയം: ഭാഗം 15

എഴുത്തുകാരി: കണ്ണന്റെ രാധ

എത്ര നാളായി ഈ സൂക്ക്ട് തുടങ്ങിയിട്ട്..?

” എന്ത് സൂക്കേട്..?

മനസ്സിലാവാതെ അവൻ ചോദിച്ചു.

” ഞാനെന്ന സൂക്കേട്.. ഒട്ടും ഭാവ വ്യത്യാസം ഇല്ലാതെ അവൻ പറഞ്ഞപ്പോൾ..അവൾ അമ്പരന്നു പോയിരുന്നു

അപ്പോഴും സ്റ്റീരിയോയിൽ ഗാനം കേൾക്കാം

🎶ഹൃദയമോ ശലഭമായ്
പ്രേമം പുലരൊളി പോലെ
മാറിൽ വനലത പോലെ
മധുരമീ ലയനം🎶

“നന്ദേട്ടൻ എന്താണ് ഈ പറയുന്നത്..?

ഉള്ളിലുള്ള പതറൽ പുറത്ത് കാണിക്കാത്ത തരത്തിൽ അവൾ പറഞ്ഞു. അവൻ അപ്പോഴും അവളെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അവന്റെ നോട്ടം അധികം സമയം നേരിടാൻ കഴിയില്ലന്ന് അവൾക്ക് തോന്നി.

“തനിക്ക് എന്നോട് എന്താ..?

അവൻ വീണ്ടും അവളോട് ചോദിച്ചു..

ഗൗരവം നിറഞ്ഞത് ആണ് മുഖം.

” ഒന്നുമില്ലെന്ന് പറയേണ്ട, കുറച്ചുനാളുകൾ ആയി എനിക്ക് സംശയമുണ്ടായിരുന്നു. ഇന്ന് ഏകദേശം ഉറപ്പായി.

” ഇനി ഇത് എത്രകാലമായി തുടങ്ങിയിട്ട് എന്ന് മാത്രം പറഞ്ഞാൽ മതി. അവൻ രൂക്ഷമായി അവളോട് ചോദിച്ചു.

” അത് പിന്നെ നന്ദേട്ടാ..?

അവൾ വക്കിതപ്പി

” പറ കീർത്തന,

അവന്റെ സ്വരം മുറുകി

” ഞാൻ 10 ഇൽ പഠിക്കുന്ന സമയത്ത്,

തലകുമ്പിട്ട് അവൾ പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ കേട്ട് അവൻ അമ്പരന്നു പോയിരുന്നു.

ഇത്രയും പഴക്കമുള്ളതാണോ അവൾക്ക് തന്നോടുള്ള പ്രണയം.?

” പണ്ടേ വേണു അങ്കിളിന്റെ കൂടെ വീട്ടിൽ വരുമ്പോഴൊക്കെ കണ്ടിട്ടുണ്ട് നന്ദേട്ടനെ, കോളേജിലൊക്കെ പഠിക്കുന്ന സമയത്ത്, അന്ന് തൊട്ട് എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു.. പറയാനുള്ള പേടി കൊണ്ടാ ഇതുവരെ ഞാൻ പറയാതിരുന്നത്. വീണയ്ക്ക് എല്ലാം അറിയാം.

കീർത്തനയുടെ ആ മറുപടിയിൽ അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു. അതായിരിക്കും വീണ ഇടയ്ക്കിടെ തന്നെയും അവളെയും ചേർത്ത് ഓരോന്ന് പറയുന്നത് എന്ന് നന്ദൻ ഓർത്തു. എല്ലാം ചേർത്ത് വായിച്ചപ്പോൾ ശരിയാണെന്ന് അവനും തോന്നി.

അന്ന് പിറന്നാളിന് വീണ തന്റെ കയ്യിൽ തന്ന ഷർട്ടിന് നല്ല വില ആയതാണ്. അതൊരുപക്ഷേ കീർത്തന വാങ്ങിക്കൊടുത്തതായിരിക്കാം. അതേപോലെ തന്നെയെയും കീർത്തനയേയും ഒരുമിച്ച് പലസ്ഥലങ്ങളിലും എത്തിക്കുവാൻ വീണ ഇടനില നിന്നിട്ടുണ്ട്. തന്നോട് കൂടുതലായി കീർത്തനയുടെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.

” താനിത് എന്തുവിചാരിച്ചാ കീർത്തന..?

അല്പം മയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..

” ഇതൊക്കെ നടക്കുന്നത് കാര്യാണെന്ന് തനിക്ക് തോന്നുന്നുണ്ടോ.? തന്റെ വീട്ടിലോ മറ്റോ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ഈയൊരു പ്രായത്തിൽ തോന്നുന്ന…..

അവൻ പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അവൾ തന്റെ കൈകൾ കൊണ്ട് അവന്റെ വായ പൊത്തി കളഞ്ഞു.

” പ്രായത്തിന്റെ പ്രശ്നമാണെന്ന് മാത്രം പറയല്ലേ നന്ദേട്ടാ.. അങ്ങനെയാണെങ്കിൽ ഇത്രയും വർഷം ഞാൻ മനസ്സിൽ കൊണ്ട് നടക്കുമോ.? എനിക്ക് നന്നായിട്ട് നന്ദേട്ടനെ കുറിച്ച് എല്ലാം അറിയാം. നന്ദേട്ടന്റെ ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ, നന്ദേട്ടൻ എപ്പോഴാ ഉണരുന്നത് ഉറങ്ങുന്നത് ഇഷ്ടമുള്ള കറികൾ നിറം അങ്ങനെ എല്ലാം… വീട്ടിൽ അറിഞ്ഞാൽ എന്താവും എന്ന് എനിക്കറിയില്ല. പക്ഷെ നന്ദേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല…

ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി… പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. പലതവണ വീണ പറഞ്ഞത് ആണ് ഇത് ശരിയാവില്ലന്ന്. എന്റെ വീട്ടിൽ സമ്മതിക്കില്ലന്ന്. പക്ഷേ എനിക്ക് മറക്കാൻ പറ്റില്ല. എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് നന്ദേട്ടനോത്ത് മാത്രമായിരിക്കും. വേറെ ആരെയും എനിക്ക് അങ്ങനെ കാണാൻ കഴിയില്ല.

അവന്റെ മുഖത്തേക്ക് നോക്കി കണ്ണുനീരോടു പറയുന്ന ആ പെണ്ണിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു.

” ഇഷ്ടമല്ലെന്ന് മാത്രം പറയല്ലേ നന്ദേട്ടാ…

അവന്റെ തോളിലേക്ക് ചാഞ്ഞ് അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തു പറയണമെന്ന് പോലും അവൻ അറിയുമായിരുന്നില്ല.

വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൻ..

അവളെ തന്നിൽ നിന്നും അകറ്റി മാറ്റാനും അവന് തോന്നിയില്ല. എന്നാൽ ചേർത്തുപിടിക്കാൻ കൈകൾക്ക് ബലം പോരാ

” കീർത്തന…..

അവൻ വിളിച്ചു.

അവൾ അവനെ തല പൊക്കി നോക്കി.

അപ്പോഴും അവളുടെ കൈകൾ അവന്റെ കൈകളിൽ മുറുകിയിട്ടുണ്ടായിരുന്നു.

” എന്നെക്കുറിച്ച് എല്ലാം തനിക്കറിയാമെന്ന് പറയുന്നു. ശരിയായിരിക്കും പക്ഷേ എന്റെ മനസ്സ് അത് തനിക്കറിയോ.? ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് എനിക്കും ചില സങ്കല്പങ്ങളൊക്കെ കാണില്ലേ.?

പെട്ടെന്ന് ഒരു ദിവസം താൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ അത് അക്‌സെപ്റ്റ് ചെയ്യും. താനിങ്ങനെ ഇമോഷണൽ ആയിട്ട് ചിന്തിക്കാതെ, എനിക്ക് മനസ്സിലാവും ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്നൊരിഷ്ടം പെട്ടെന്ന് വേണ്ടെന്ന് വെക്കാൻ ആർക്കും പറ്റില്ല എന്ന്…

കീർത്തന തനിക്ക് എന്റെ പെങ്ങളുടെ പ്രായമേ ഉള്ളൂ, അതുമാത്രമല്ല നമ്മൾ തമ്മിൽ ഒരുപാട് ഒരുപാട് അന്തരം ഉണ്ട്. കീർത്തന വിചാരിക്കുന്നത് പോലെ ഇതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ല. എന്റെ അച്ഛൻ ഒരിക്കലും ഇതിനെ സമ്മതിക്കില്ല. കീർത്തനയോടും കീർത്തനയുടെ വീട്ടുകാരോടും ഒക്കെ അത്രയ്ക്ക് സ്നേഹമാണ് എന്റെ അച്ഛന്.

ഒരിക്കലും കീർത്തനയുടെ വീട്ടുകാരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും എന്റെ അച്ഛൻ ചെയ്യില്ല. പിന്നെ തന്റെ വീട്ടുകാരെ ഇതിനു സമ്മതിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടോ.? ഞാൻ എന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ഒരാളാണ്. അവരെ വേദനിപ്പിച്ച് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. താൻ കുറച്ച് പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കു. ഇപ്പൊ തോന്നുന്നത് ഒന്നും ജീവിതമല്ല കീർത്തന,

തനിക്ക് എന്നെക്കാൾ ഒരുപാട് മികച്ച ആളിനെ കിട്ടും. എന്റെ കൂടെയുള്ള ജീവിതം ഒരിക്കലും കീർത്തനയ്ക്ക് സന്തോഷം നൽകുന്നതായിരിക്കില്ല. എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ തനിക്കറിയാലോ.?

” എന്തു ബുദ്ധിമുട്ട് സഹിക്കാനും ഞാൻ തയ്യാറാ, നന്ദേട്ടന്റെ സ്വന്തമായാൽ മാത്രം മതി എനിക്ക്. അതിൽ കൂടുതല് മറ്റൊന്നും എനിക്ക് വിഷയമല്ല. ഒരിക്കലും എന്നെ ഇഷ്ടമല്ലെന്ന് പറയരുത്. എനിക്കത് സഹിക്കാൻ പറ്റില്ല. എന്റെ മനസ്സിൽ നിറയെ നന്ദേട്ടൻ ആണ്.

ഇപ്പോൾ ഒരു മറുപടി പറയണ്ട നന്നായി ആലോചിച്ച് ഒരുപാട് നേരം ചിന്തിച്ച് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി.

കരച്ചിലിന്റെ എങ്ങൽ അടിയുടെയും അകമ്പടിയോടെ പറയുന്ന പെണ്ണിനെ അവൻ ഉറ്റുനോക്കി. കണ്ണുകളൊക്കെ നിറഞ്ഞു തുളുമ്പുകയാണ്. തന്നെ ഇത്രത്തോളം അവൾ സ്നേഹിച്ചിരുന്നോ.? അവന് അത്ഭുതം തോന്നി.

പുറത്തേക്ക് നോക്കിയിരുന്നു കരയുന്ന അവളെ കണ്ട് അവന് സങ്കടം തോന്നി. രണ്ടും കൽപ്പിച്ച് അവൻ അവളുടെ കൈകളിൽ പിടിച്ചു……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!