വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി
സാദിഖ് അലി തങ്ങളുടെ കേക്ക് മുറി പുതിയ തലത്തിലേക്ക്
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നിരവധി മഹല്ലുകളുടെ ഖാസി കൂടിയായ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് കത്തിക്കയറുന്നു. തങ്ങളുടെ കേക്ക് മുറിയെ വിമര്‍ശിച്ച സമസ്തയിലെ ലീഗ് വിരുദ്ധരുടെ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുന്ന പാരമ്പര്യമാണ് പാണക്കാട് തങ്ങളും ഉയര്‍ത്തി പിടിച്ചതെന്നും പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകൂ എന്നും വ്യക്തമാക്കി. അല്ലാത്തതൊക്കെ വിഭാഗീയതയോ വര്‍ഗീയതയോ ആണ്. ആര് പറഞ്ഞാലും ലീഗ് അത് അവജ്ഞയോടെ തള്ളി കളയും.
ഹമീദ് ഫൈസിയുടെ പ്രസ്താവനയെ പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങള്‍ നിര്‍ത്തുകയാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. നിരന്തരം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സാദിഖലി തങ്ങള്‍ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധനേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളില്‍ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.
സൗഹാര്‍ദത്തിന് കേക്ക് മുറിയ്ക്കാം എന്ന മറുപടിയുമായി സമസ്തയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗത്തിന്റെ നേതാവായ അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തിയിരുന്നു.