പൗർണമി തിങ്കൾ: ഭാഗം 73
രചന: മിത്ര വിന്ദ
അലോഷിയും പൗർണമിയും
ഭക്ഷണം കഴിക്കുവാനായി എഴുന്നേറ്റു പോകുവാൻ തുടങ്ങിയപ്പോഴാണ് അടുത്തയാൾ അവനെ കാണുവാനായി വന്നത്.
പൗർണമി….. എന്റെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്,,, മിക്കവാറും ദിവസങ്ങളിൽ ലഞ്ച്ബോക്സ് പുറത്തേക്ക് എടുക്കാറേയില്ല.. നിനക്ക് വിശക്കുന്നുണ്ടെങ്കിൽ നീ പോയി കഴിച്ചോളൂ, എന്നെ നോക്കി ഇരിക്കേണ്ട പെണ്ണേ…..
അലോഷി അവളോട് പറഞ്ഞു.
സാരമില്ല….. ഇച്ചായൻ അവരോട് സംസാരിച്ചിട്ട് വരൂ,,, എനിക്കും ഈ സമയം ആയതു കൊണ്ട് വിശക്കുന്നില്ലന്നെ.
സോറി ടി… ഇന്ന് ആകെ ബിസി ആയിപ്പോയ്… നല്ലൊരു ബർത്ത് ഡേ ആയി കൊണ്ട് എനിക്ക് ഇത്തിരി ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല.
ഞാൻ ഇപ്പൊ വരാം കേട്ടോടി.
അലോഷി പുറത്തേയ്ക്ക് ഇറങ്ങി പോയി.
**
സോമൻ യാത്ര പറഞ്ഞു പോയ ശേഷം, ബാബുരാജും ഉമയും അകത്തെ മുറിയിൽ ഇരിക്കുകയാണ്.
ആ പയ്യനെ കണ്ടതായിട്ട് എനിക്ക് അങ്ങനെ വലിയ ഓർമ്മ ഒന്നുമില്ല,,, കാണാൻ തരക്കേടില്ലായിരിക്കും അല്ലേടി.
കാഴ്ചയിൽ ഒക്കെ എന്താണ് കാര്യം,, നല്ലൊരു ജോലിയില്ലേ.. പിന്നെ അവർക്ക് അത്യാവശ്യം സ്വത്ത് വകകൾ ഒക്കെ ഉള്ളവരല്ലേ ചേട്ടാ..
ഹമ്… കുറെ സ്ഥലമൊക്കെയുണ്ടെന്ന് കേൾവി, പിന്നെ ഇത്ര ദൂരം… അതാണ് എനിക്ക് ഏറെ സങ്കടം.
ആ പയ്യൻ ജോലി ചെയ്യുന്നത് തൊടുപുഴയിൽ ആണെന്നല്ലേ പറഞ്ഞത്,,, അവിടെയപ്പോൾ ഒറ്റയ്ക്കാണോ ആവോ താമസം.
ഹമ്.. അതേടി,,, ഒരു ഫ്ലാറ്റിൽ താമസിക്കുവാണെന്ന്. സോമന്റെ ഒക്കെ വീട് തോപ്രാംകുടിയിൽ അല്ലേ, അവിടുന്നു അത്യാവശ്യം ദൂരമുണ്ട്.
എന്തായാലും വൈകുന്നേരം വിളിക്കുമ്പോൾ ഏട്ടൻ മോളോട് ഒന്ന് പറയൂ, അവളുടെ തീരുമാനം അറിയണ്ടേ… എന്നിട്ട് നാളും സമയവും ഒക്കെ പറഞ്ഞു കൊടുത്താൽ പോരെ. മോളിപ്പോ സമ്മതിക്കുമോ ആവോ.
മോൾ അവൾ ഓഫീസിൽ നിന്ന് വരട്ടെ. അവൾക്ക് സമ്മതമാണെങ്കിൽ മുന്നോട്ടു പോകാം. പിന്നെ എന്റെ മോള് ഒരിക്കലും എന്നോട് എതിർത്തു പറയില്ല,, ആ ഒരു ഉറപ്പുണ്ട് എനിക്ക്..
എതിർപ്പൊന്നും കാണില്ല.അച്ഛൻ ആലോചിച്ച് ചെയ്തോളാനെ അവൾ പറയുള്ളൂ.പിന്നെ ഇപ്പോഴത്തെ കുട്ടികളല്ലേ.. അവർക്ക് അവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഒക്കെ കാണും.
നിനക്കെന്റെ മോളെ പറ്റി എന്തറിയാം ഉമേ…. അച്ഛൻ പറയുന്നതിനപ്പുറം അവൾക്കൊന്നുമില്ല. കഴിഞ്ഞദിവസം നിന്റെ ആങ്ങള, എന്നോട് പറഞ്ഞു അലോഷി ആള് ശരിയല്ല, അയാളോടൊപ്പം ആണ് താമസം എന്നറിഞ്ഞാൽ നമ്മുടെ മോൾക്ക് പിന്നെ നല്ലൊരു പോലും വരില്ലെന്നൊക്കെ..
സജിത്ത് പറയുന്നതൊന്നും ബാബുച്ചേട്ടൻ കേൾക്കാൻ നിൽക്കണ്ട. അവൻ ഒരു കണക്കാണ്.
എനിക്ക് പണ്ടേ അറിയാല്ലോ അവന്റെ സ്വഭാവം… അതുകൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാൻ ഞാനും മെനക്കെട്ടില്ല..
മാലയോഗം വന്നു കഴിഞ്ഞാൽ പിന്നെ അത് പെട്ടെന്ന് നടക്കും, എത്രയോ പേര് പൊന്നൊരുക്കി കാത്തിരുന്നിട്ട്, പെൺകുട്ടികളുടെ വിവാഹം നടക്കാതെ പോകുന്നു. കോയിയ്ക്കലെ ഉണ്ണിമായ… 101 പവന് ആ കുട്ടിക്ക് വേണ്ടി അവർ കരുതി വെച്ചിരിക്കുന്നത്. എത്രയൊക്കെ പയ്യന്മാര് വന്നതാണ്, ഒന്നും അവർക്ക് ഇഷ്ടപ്പെടുന്നില്ല.. ഇപ്പൊ ആ കുട്ടിക്ക് വയസ്സ് 29 ആയി.എന്നിട്ടും കണ്ടില്ലേ…. കഴിഞ്ഞദിവസം കാവിൽ വച്ച് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.. രേണുക ചേച്ചിയും പറഞ്ഞു കരയുവായിരുന്നു.
ഉമ ഭർത്താവിനോട് പറഞ്ഞു.
അപ്പോഴേക്കും ബാബുരാജിന്റെ ഫോൺ റിങ്ങ് ചെയ്തു. ആരോ ഓട്ടം വിളിച്ചതായിരുന്നു. പെട്ടെന്ന് തന്നെ അയാൾ ഉമയോട് യാത്ര പറഞ്ഞു ഇറങ്ങി.
അടുത്ത വീട്ടിലെ സരസമ ചേച്ചി ആരാണ് വന്നത് എന്ന് അറിയുവാനായി, വേലിക്കൽ വന്നുഒന്നെത്തി നോക്കി..
ബാബുരാജ് പക്ഷേ ഉമയോട് പറഞ്ഞിരുന്നു ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും സൂചിപ്പിക്കേണ്ടത്.
ആരായിരുന്നു ഉമേ വിരുന്നുകാര് വന്നത്?
ബാബു ചേട്ടന്റെ ഒരു കൂട്ടുകാരനാണ്, ഭുവനേശ്വരി അമ്പലത്തിൽ തൊഴാൻ വേണ്ടി വന്നപ്പോൾ ഇവിടെ കയറിയതാ.
മുൻകൂട്ടി പറയാൻ നിശ്ചയിച്ച മറുപടി ഉമ അവർക്ക് നൽകി..
***
അലോഷിയും പൗർണമിയും അന്ന് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ നേരം ആറുമണി കഴിഞ്ഞിരുന്നു.
നമുക്ക് ജ്യൂസ് കുടിച്ചിട്ട് പോകാം അല്ലേ പൗമി.
നമുക്കൊരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് പോകാം, ഇച്ചായന്റെ ബർത്ത് ഡേ ആയിക്കൊണ്ട് ഞാൻ ഒരു ഗിഫ്റ്റ് പോലും തന്നില്ലല്ലോ.
ഗിഫ്റ്റോ.. അതിന്റെ ആവശ്യമൊന്നുമില്ല പെണ്ണേ… നീ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു കൊണ്ട് ഐ ലവ് ല്ലേ…അതാണ് ഏറ്റവും വലിയ ഗിഫ്റ്റ്..
പിന്നേ …. അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല.. ഇച്ചായാനൊരു നല്ല ഷോപ്പിൽ നോക്കി വണ്ടി നിറുത്തിക്കോണം, എനിക്ക് ഈ സ്ഥലമൊന്നും പരിചയം പോരാ.. അതാണ്..
എടി കൊച്ചേ.. നമ്മൾക്ക് ഓരോ ജ്യൂസ് ഒക്കെക്കുടിച്ചിട്ട്,ഇത്തിരി ഫുഡ് പാർസൽ വാങ്ങി നേരെ വീട്ടിലേക്ക് പോകാം.. അതൊക്കെ മതിന്നേ.
അലോഷി അവളെ നോക്കി പിന്നെയും പറഞ്ഞു.
ഞാൻ പറയുന്നത് കേൾക്കാൻ മേലെങ്കിൽ വേണ്ട… കാര്യം തീർന്നല്ലോ.
പൗർണമി മുഖം വീർപ്പിച്ചുകൊണ്ട് അവനോട് പറഞ്ഞു.
ഒടുവിൽ അലോഷി അവളെയും കൂട്ടി അത്യാവശ്യം വലിയ തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് വന്നു.
ഞാൻ ഇടയ്ക്കൊക്കെ ഈ ഷോപ്പിൽ വന്ന്, ഡ്രസ്സ് എടുക്കാറുള്ളതാണ് അത്യാവശ്യം സെലക്ഷൻ ഒക്കെ ഉണ്ട്.
നീ പോയിട്ട് വാ കൊച്ചേ..
ഇച്ചായ…..
ഹമ്…
ഇച്ചായനും കൂടി വരുന്നെ എനിക്ക് അളവൊന്നും അറിഞ്ഞുകൂടാ..
അറിയാനും മാത്രം ഒന്നുമില്ല നീ അങ്ങട് ചെല്ല്.. 42ആണ് എന്റെ സൈസ്.
ഒന്ന് വാ ഇച്ചായ.. പെട്ടന്ന് ഇറങ്ങാം.
പൗർണമി
രണ്ടുമൂന്നു തവണ വിളിച്ച ശേഷമാണ്, അലോഷിയും അവളോടൊപ്പം ഇറങ്ങിയത്.
ഓഹ്… എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ഇച്ചായന് എന്തൊരു ഒടുക്കത്തെ ജാഡയാ,എന്റെ ഒപ്പം വന്നുവെന്ന് കരുതി ആകാശം ഇടിഞ്ഞു വീഴാനൊന്നും പോണില്ല
കേട്ടോ.
അവനെയൊന്നു നോക്കിപേടിപ്പിച്ചുകൊണ്ട് പൗർണമി അകത്തേയ്ക്ക് കടന്നു.
ചിരിയോടെ അലോഷിയും.
ആ സമയത്ത് പൗർണമിയുടെ അച്ഛൻ അവളുടെ ഫോണിലേക്ക് വിളിച്ചത്.
ഹലോ മോളെ..
ആഹ് അച്ഛാ…
വീട്ടിൽ എത്തിയോ മോളെ.
ഇല്ല, അര മണിക്കൂർ വേണം.
അതെന്താ പറ്റിയെ.. എല്ലാദിവസവും ഈ നേരത്ത് എത്തുന്നതാണല്ലോ.
അത് പിന്നെ ഇന്ന് കാത്തുവിന്റെ ചേട്ടൻ ഇത്തിരി ലേറ്റ് ആയി.. ഒന്ന് രണ്ട് മീറ്റിംഗ്സ് ഉണ്ടായിരുന്നു, അതുകൊണ്ട് താമസിച്ചുപോയി. എന്താ അച്ഛാ..അച്ഛൻ വെറുതെ വിളിച്ചതാണോ..
അല്ല മോളെ അച്ഛൻ ഒരു കാര്യം സംസാരിക്കാൻ ആയിരുന്നു.
അച്ഛൻ പറഞ്ഞോളൂ
ഒരു കാര്യം ചെയ്യാ മോളെ.. നീ വീട്ടിൽ എത്തിയിട്ട് അച്ഛനെ വിളിക്ക്…
അച്ഛാ എന്തെങ്കിലും അർജന്റായിട്ടുള്ളതാണോ..
അല്ലന്നേ മോള് ടെൻഷനടിക്കുവൊന്നും വേണ്ട..അച്ഛൻ പിന്നെ വിളിക്കാം.
ബാബുരാജ് ഫോൺ കട്ട് ചെയ്തു …തുടരും………