അപരിചിത : ഭാഗം 17
എഴുത്തുകാരി: മിത്ര വിന്ദ
കഴിഞ്ഞ രണ്ട് ദിവസവും മേഖന കുളി കഴിഞ്ഞു വന്നു എന്തോ പ്രാർത്ഥന കണ്ണടച്ച് ചൊല്ലുന്നത് അവൻ കണ്ടിരുന്നു.
ആ തക്കത്തിന് വേണം ഫോട്ടോ എടുക്കുവാൻ..
ശ്രീഹരി കട്ടിലിൽ ഫോൺ നോക്കി കിടക്കുക ആണ്..
അവൾ മുടി അഴിച്ചിട്ടു ഒന്നുകൂടി കുടഞ്ഞു.
കുറച്ചു വെള്ളത്തുള്ളികൾ ശ്രീഹരിയുടെ മുഖത്ത് വീണു.
അവൻ ഒളികണ്ണാൽ അവളെ നോക്കുക ആണ്..
അവൾ കണ്ണടച്ച് പ്രാർത്ഥിക്കുവാൻ ഇരുന്നു.
പെട്ടന്ന് അവൻ തന്റെ ഫോണിലേ ക്യാമറ ഓൺ ചെയ്തു. ഒന്നു രണ്ട് അവൻ ഫോട്ടോ എടുത്തതും അവൾ കണ്ണ് തുറന്നു.
ശ്രീഹരി ഒന്നും അറിയാത്തത് പോലെ മുറിയിൽ നിന്നു ഇറങ്ങി പോയി.
മോനേ… മുത്തശ്ശിയുടെ കൊട്ടൻചുക്കാദി തൈലം തീർന്നു പോയി.
നീ ആ ടൗണിൽ പോകുമ്പോൾ ഒന്നു മേടിക്കണം കെട്ടോ… പുറത്തേക്ക് വന്ന aഅവനോട് മുത്തശ്ശി പറഞ്ഞു.
ശരി മുത്തശ്ശി…. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നിട്ട് ബൈക്ക് ഓടിച്ചു വെളിയിലേക്ക് പോയി.
ഗേറ്റ് കടന്നതും അവൻ ബൈക്ക് സൈഡ് ചേർത്ത് ഒതുക്കി നിർത്തി.
എന്നിട്ട് പതിയെ ഫോൺ എടുത്തു.
ഗാലറി എടുത്തു നോക്കിയപ്പോൾ മേഘ്നയുടെ രണ്ട് മൂന്നു ഫോട്ടോ കിട്ടിയിട്ടുണ്ട്. എല്ലാം കണ്ണടച്ച് ഇരിക്കുന്ന ഫോട്ടോ ആണ്.
അവൻ അതിലേക്ക് കുറച്ചു സമയം നോക്കി.
എടാ നല്ല പെണ്ണാ അല്ലേടാ… മിഥുൻ ഫോട്ടോ കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ നോക്കി. ശോ കണ്ണ് തുറന്നു ഉള്ള ഒരു ഫോട്ടോ ഉണ്ടായിരുന്നു എങ്കിൽ….. മിഥുൻ വിഷമിച്ചു.
ആ ബംഗാളി വന്നില്ലെങ്കിൽ ഞാൻ കെട്ടിയേനെ… മിഥുൻ ഫോൺ ശ്രീഹരിക്ക് കൈമാറി കൊണ്ട് ചിരിച്ചു.
ബംഗാളി ഒന്നും അല്ലെടാ… ശ്രീഹരി തിരുത്തി.
പിന്നെ… ആർക്കറിയാം.. അവളുടെ അടുത്തെങ്ങാനും വല്ലോ കെട്ടിടം പണിക്കും വന്ന ബംഗാളി ആണോന്ന്… മിഥുൻ പറഞ്ഞു.
എന്റെ പൊന്നളിയാ… നീ ഉള്ള സമാധാനo കൂടി കളയല്ലേ… ശ്രീഹരി മിഥുനെ നോക്കി.
മ്… നീ സൂക്ഷിച്ചോണം…
എടാ… ഞാൻ പോകുവാ…മഴക്ക് രണ്ട് ദിവസം ആയിട്ട് നല്ല കോളുണ്ട്.. ശ്രീഹരി പോകാൻ തിടുക്കം കാണിച്ചു.
അതോ ആ പെണ്ണിനെ കാണാൻ ആണോടാ.. മിഥുൻ ചോദിച്ചു.
ഒന്നുപോടാ.. അമ്മ ആണെങ്കിൽ ശില്പയുടെ വീട്ടുകാർക്ക് വാക്ക് കൊടുത്തത് ആണ്.. ഇവൾ പോയിട്ട് വേണം എല്ലാം തുറന്നു പറയുവാൻ.
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
ഓക്കേ ടാ… എങ്കിൽ പൊയ്ക്കോ… മിഥുനും പോകാൻ തയ്യാറായി.
മുത്തശ്ശി…. ഇതാ… തൈലം… അവൻ കുഴമ്പെടുത്തു മുത്തശ്ശിക്ക് കൊടുത്തു.
മുത്തശ്ശിയുമായി സംസാരിച്ചു നിന്നപ്പോൾ മേഘ്ന വേഗം താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു..
അങ്ങനെ ഒരു പതിവില്ലാത്തത് ആണ്.
എന്ത് ആണ്… അവൻ ചോദിച്ചു..
അവൾ അതിനു മറുപടി പറയാതെ വേഗം മുത്തശ്ശിയോട് എന്തോ കാതിൽ പറഞ്ഞു.
ആണോ… മുത്തശ്ശി അവളോട് മുറിയിലേക്ക് വേഗം പൊയ്ക്കോളാൻ കൈ കൊണ്ട് കാണിച്ചു.
എന്ത് ആണ് നടക്കുന്നത് എന്നറിയാതെ ശ്രീഹരിയും അവൾക്ക് പിന്നാലെ പോയി.
ശ്രീഹരി നോക്കിയപ്പോൾ അവൾ കസേരയിൽ ഇരിക്കുക ആണ്.
എന്താ… എന്ത് പറ്റി…
അവൻ ചോദിച്ചു.
അവൾ ആകെ ക്ഷീണിത ആണെന്ന് അവനു തോന്നി.
ഒന്നുമില്ല… അവൾ പറഞ്ഞു
കുറച്ചു കഴിഞ്ഞതും മുത്തശ്ശി അവിടേക്ക് വന്നു.
കൈയിൽ ഒരു ഗ്ലാസ് ചൂട് കാപ്പി ഉണ്ടായിരുന്നു.
ഇത് കുടിക്ക് കെട്ടോ.. അപ്പോൾ കുറയും..
ചില കുട്ടികൾക്ക് അങ്ങനെ ആണ്… സാരമില്ല.. മുത്തശ്ശി പിറുപിറുത്തു.
വാതിൽക്കൽ എത്തിയതും മുത്തശ്ശി തിരിഞ്ഞു.
മോളേ… ശുദ്ധി ആകാതെ ഇനി ശ്രീകുട്ടന്റെ കൂടെ കിടക്കേണ്ട കെട്ടോ. അവർ അതും പറഞ്ഞു വെളിയിലേക്ക് നടന്നു.
അപ്പോൾ ആണ് ശ്രീഹരിക്ക് കാര്യം പിടി കിട്ടിയത്.
മേഘ്നക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി.
താൻ കാപ്പി കുടിക്ക്…. ശ്രീഹരി പെട്ടന്ന് അവളോട് അങ്ങനെ പറഞ്ഞു.
അവൾ പതിയെ കാപ്പി കുടിക്കാൻ തുടങ്ങി.
അടിവയറ്റിൽ കത്തി പടരുന്ന വേദന ആണ്.
അമ്മേ….അവൾ ശബ്ദം ഇല്ലാതെ വിളിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു.
എടോ… തനിക്ക് കിടക്കണോ… ശ്രീഹരി അവളോട് ചോദിച്ചു
അവൾക്ക് കിടക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു .
പക്ഷെ അവൻ നിൽക്കുന്നത് കാരണം…
താൻ കിടന്നോളു…. ശ്രീഹരി അത് പറയുമ്പോൾ അവൾ അവനെ നോക്കി.
മേഘ്ന.. ആർ യൂ ഓക്കേ… ശ്രീഹരി അവളോട് ചോദിച്ചു.
മ്… ഓക്കേ… അവൾ പതിയെ പറഞ്ഞു.
ഇയാളുടെ ഹസ്ബൻഡ് എന്ത് പറയുന്നു… ശ്രീഹരി വീണ്ടും അവളെ നോക്കി.
വിളിച്ചിരുന്നു… അവൾ അത്രമാത്രം പറഞ്ഞു കൊണ്ട് എഴുനേറ്റു.
ശരി… ഞാൻ പോയി അത്താഴം കഴിച്ചിട്ട് ഇപ്പോൾ വരാം.. അവൻ അതും പറഞ്ഞു ഇറങ്ങി പോയി.
പുളിശ്ശേരിയും, കായ ഉപ്പേരിയും, അച്ചിങ്ങ മെഴുക്കുവരട്ടിയതും, പിന്നെ ഒരു ഉപ്പിലിട്ടതും… ഇതാണ് വിഭവങ്ങൾ..
അവൻ അത്താഴം കഴിച്ചിട്ട് പതിവുപോലെ മേഘ്നയ്ക്ക് ഉള്ളതും ആയിട്ട് മുറിയിലേക്ക് വന്നു.
അവൻ നോക്കിയപ്പോൾ
മേഘ്ന ആസ്വദിച്ചു ഇരുന്നു കഴിക്കുക ആണ്.
പെട്ടന്ന് തന്നെ അവൾ ഭക്ഷണം കഴിച്ചു എഴുനേറ്റു. നല്ല വിശപ്പുണ്ടായിരുന്നു അവൾക്ക്.
ശ്രീഹരി ഫോണിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ട് ഇരിക്കുക ആണ്.
വാതിൽ മുട്ടുന്ന ശബ്ദം കേട്ടതും അവൻ വേഗം ചെന്നു തുറന്നു.
നോക്കിയപ്പോൾ മുത്തശ്ശി ആണ്.
ദാ… ഈ വെള്ളം കുടിച്ചോ… ഉലുവ ഇട്ട് തിളപ്പിച്ചത് ആണ്… വേദന ഒക്കെ മാറും… മുത്തശ്ശി മേഘ്നയ്ക്ക് വെള്ളം കൊടുത്തു കൊണ്ട് പറഞ്ഞു.
അവൾ അവരെ നന്ദിയോടെ നോക്കി.
വേഗം കുടിക്ക്… ചൂടറിയാൽ പിന്നെ ഒരു ചവർപ്പ് ആണ്.. മുത്തശ്ശി പറഞ്ഞു.
അവൾ ഒറ്റവലിക്ക് അത് മുഴുവനും കുടിച്ചു തീർത്തു.
ഗ്ലാസ് കഴുകി കൊണ്ട് വന്നു മുത്തശ്ശി കൊടുത്തു
മുത്തശ്ശി…. അവൾ വിളിച്ചു.
എന്താ കുട്ട്യേ… അവർ വാത്സല്യത്തോടെ അവളെ നോക്കി.
ഒരുപാട് നന്ദി…. അത് പറയുമ്പോൾ മേഘ്നയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
പെട്ടന്ന് അവൾ അവരുടെ കാലിൽ തൊട്ടു തൊഴുതു..
എന്താ… കുട്ടി…എഴുന്നേൽക്കു… അവർ അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു.
നന്നായി വരും.. അവർ അവളുടെ നെറുകയിൽ തലോടി.
അമ്മ, ഇപ്പോൾ തൈലം തേച്ചു കൊണ്ട് ഇരുന്നതാ…ഇതെവിടെ പോയി … അമ്മേ… ഗിരിജ ഉറക്കെ വിളിച്ചു ……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…