പരുക്ക്; ബുംറയ്ക്ക് ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായേക്കും
മുംബൈ: ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരുക്ക് മൂലം ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുംറയ്ക്ക് വിശ്രമം നൽകിയേക്കുമെന്നാണ് സൂചന. പുറംവേദന തുടർന്നാൽ താരത്തിന് ടൂർണമെന്റ് തന്നെ നഷ്ടമായേക്കും. വരും ദിവസങ്ങളിൽ താരത്തിന്റെ പരുക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായേക്കും. പുറംവേദനയെ തുടർന്ന് ബുംറ നിലവിൽ ചികിത്സയിലാണ്.
ബോർഡ്ര് ഗവാസ്കർ ട്രോഫി അവസാന പരമ്പരയ്ക്കിടെയാണ് താരത്തിന് പരുക്കേൽക്കുന്നത്. പരുക്കുമൂലം സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ താരത്തിന് മത്സരത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നെങ്കിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 32 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
ബുംറയുടെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായതോടെ പാക്കിസ്ഥാനെതിരേയുള്ള മത്സരവും താരത്തിന് നഷ്ടമായേക്കും. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ചയാണ്. സമയപരിധി നീട്ടണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രെബുവരി 19ന് നടക്കുന്ന ടൂർണമെന്റിൽ പാക്കിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.