പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ അറസ്റ്റിലായത് 26 പേർ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ
പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി അടക്കം 25 ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ അടക്കം കർശന നടപടി വേണമെന്ന് നിർദേശിച്ചതോടെയാണ് അന്വേഷണ ചുമതല ഡിഐജിക്ക് കൈമാറിയത്
ഇതുവരെ 26 പേർ കേസിൽ അറസ്റ്റിലായി. 14 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമുണ്ട്. കസ്റ്റഡിയിലുള്ള ഏഴ് പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്മാർ്ട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോൺ വഴിയായിരുന്നു പെൺകുട്ടിയും പ്രതികളും തമ്മിൽ ആശയവിനിമയം നടത്തിയത്.
പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചും പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. 62 പേർക്കെതിരെയാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. ഫോണിലെയും ഡയറിക്കുറിപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ നടന്ന അറസ്റ്റുകൾ