പ്രണയം: ഭാഗം 17
എഴുത്തുകാരി: കണ്ണന്റെ രാധ
ഞാൻ ഇനി ഒരിക്കലും നന്ദേട്ടനെ ശല്യപ്പെടുത്തില്ല. മുന്നിൽ പോലും വരില്ല. പക്ഷേ എനിക്ക് സ്നേഹിക്കാല്ലോ. അതിനു സമ്മതം വേണ്ടല്ലോ.
കണ്ണുകൾ തുടച്ചവൾ പറയുമ്പോൾ അവൻ മറുപടിയൊന്നും പറഞ്ഞില്ല.
കുറേസമയം അവൾ പുറത്തേക്ക് നോക്കിയിരുന്നു..
അവൾ ഒന്നും പറയുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൻ വണ്ടി എടുത്തു. അങ്ങോട്ടുള്ള യാത്രയിൽ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരുന്നു.
വീടിനുമുമ്പിൽ എത്തിയപ്പോൾ അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ ഇറങ്ങി.
എന്തുകൊണ്ടോ അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
അവൻ അവൾക്ക് പുറകിൽ ഇറങ്ങി. അവൾ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഇന്ദിരയാണ്.
” എന്താടി ഇത്രയും താമസിച്ചത്.?
അവളുടെ മുഖത്തേക്ക് നോക്കി ഇന്ദിര ചോദിച്ചു.
” വഴിയിൽ നല്ല ബ്ലോക്ക് ആയിരുന്നു.
” നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്.?
” ഭയങ്കര തലവേദന!
അത്രയും പറഞ്ഞു അവൾ വീടിനുള്ളിലേക്ക് കയറി പോയിരുന്നു.
അവൾക്ക് പുറകെ അവനും ഇന്ദിരയുടെ അരികിലേക്ക് വന്നു.. താക്കോൽ അവർക്ക് നേരെ നീട്ടി.
” ചേട്ടൻ വന്നിട്ടില്ല കാശൊന്നും എന്റെ കയ്യിൽ തന്ന് ഏൽപ്പിച്ചിട്ടുമില്ല.
ഇന്ദിര പറഞ്ഞു
” സാരമില്ല ഞാൻ പിന്നെ വരാം..
താക്കോൽ അവർക്ക് നേരെ നീട്ടി അവരോട് അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.
പടിപ്പുരയിൽ വച്ചിരുന്ന തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യും മുൻപ് അവൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയിരുന്നു. പ്രതീക്ഷ തെറ്റിയില്ല മുകളിൽ നിന്ന് തന്നെ അവൾ നോക്കുന്നുണ്ട്. അവൻ നോക്കുന്നു എന്ന് കണ്ടപ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റി.. അകത്തേക്ക് കയറി..
എന്തുകൊണ്ടോ അവളുടെ നോട്ടം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി അവന് തോന്നി. ഇത്രയും ആഴത്തിൽ തന്നെ സ്നേഹിച്ച ഒരു പെണ്ണിനെ താൻ ദുഖിപ്പിച്ചോ അവന്റെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു. തിരികെ വീട്ടിലേക്ക് എത്തുമ്പോഴും മനസ്സ് കലുഷിതമായിരുന്നു.
അവൻ വീട്ടിലേക്ക് വരുമ്പോൾ വേണു നല്ല ഉറക്കമാണ്. അമ്മയാണെങ്കിൽ അയൽക്കൂട്ടത്തിന് പോയിരിക്കുന്നു.
നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് കിടന്നു.
കുറച്ചു സമയങ്ങൾ കഴിഞ്ഞപ്പോഴേക്കും അവിടേക്ക് വീണ വന്നിരുന്നു.
” എട്ടാ….
ഉത്സാഹത്തോടെ അരികിൽ വന്നിരിക്കുകയാണ് അവൾ..
അവളെ തന്നെ കുറിച്ച് നേരം ഒന്ന് സൂക്ഷിച്ചു നോക്കി അവൻ.
” എങ്ങനെയുണ്ടായിരുന്നു യാത്ര.?
അവൾ ചോദിച്ചു
” ഞാനെന്താ എവിടെയെങ്കിലും ട്രിപ്പ് പോയതാണോ.?
താല്പര്യമില്ലാതെ അവൻ പറഞ്ഞു
” കീർത്തന എന്തു പറഞ്ഞു..?
ആകാംക്ഷയോടെയാണ് അവളുടെ ചോദ്യം.
” കീർത്തന എന്തുപറയും എന്നാണ് നീ ഇന്ന് കരുതിയത് അത് പറഞ്ഞു…
അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളെല്ലാ കാര്യങ്ങളും അവനോട് തുറന്നു പറഞ്ഞൊ എന്നുള്ള സംശയം അവളിൽ നിറഞ്ഞു..
” എനിക്കൊന്നും മനസ്സിലാവുന്നില്ല, അവൾ എന്ത് പറഞ്ഞുന്ന്.
” നിനക്കൊന്നും അറിയില്ല അല്ലേ?
അവൻ പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റ് വീണയുടെ മുഖത്തേക്ക് നോക്കി..
അതോടെ എല്ലാ കാര്യങ്ങളും അവൻ അറിഞ്ഞു എന്ന് അവൾക്ക് വ്യക്തമായി.
“അവള് ഏട്ടനോട് വല്ലതും പറഞ്ഞോ.?
അവൾ ചോദിച്ചു
” തത്ത പറയുന്ന പോലെ പറഞ്ഞു എല്ലാം. നിനക്ക് ഈ കാര്യങ്ങളൊക്കെ അറിയാമായിരുന്നു എന്നത് ഉൾപ്പെടെ. എത്ര കാലം ആയടി ഈ ഏർപ്പാട് തുടങ്ങിയിട്ട്
ദേഷ്യത്തോടെ അവൻ അവളോട് ചോദിച്ചു..
” എട്ടാ ഞാൻ അവളോട് ഒരുപാട് തവണ പറഞ്ഞതാ.. ഇതൊന്നു ശരിയാവില്ലന്ന്. അവൾക്ക് അത് പറഞ്ഞിട്ട് മനസ്സിലാവില്ലായിരുന്നു. ഏട്ടൻ എന്ന് പറഞ്ഞാൽ അവൾക്ക് എന്തോ ഭ്രാന്ത് പോലെയാ, അവളെന്നെ ഫോൺ വിളിക്കുന്നത് തന്നെ ഏട്ടനെ കുറിച്ച് അറിയാൻ വേണ്ടിയാണ്.
” ഏട്ടൻ എവിടെ.? ഏട്ടൻ കഴിച്ചോ, ചേട്ടൻ കുടിച്ചോ.? ആ കാര്യങ്ങൾ മാത്രം അവൾക്ക് അറിഞ്ഞാൽ മതി. ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഏട്ടനെ അവൾക്കിഷ്ടമാണ്. ഏട്ടനെ അവൾക്ക് ഇഷ്ടമായി കഴിഞ്ഞതിൽ പിന്നെയാ അവൾ എന്നോട് ഫ്രണ്ട്ഷിപ്പിന് പോലും വരുന്നത്. ഏട്ടനെ കുറിച്ച് അറിയാൻ വേണ്ടി തന്നെ.
ആദ്യമായിട്ട് ഈ കാര്യം അറിഞ്ഞപ്പോൾ മുതൽ ഞാൻ അവളെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയതാ. പക്ഷേ അവൾ കേൾക്കില്ല.. ഈ ലോകം മുഴുവൻ എതിർത്ത് പറഞ്ഞാലും അവള് കേൾക്കില്ല. അത് എനിക്ക് നന്നായി അറിയാം. ഏട്ടാ അവൾക്ക് ഏട്ടനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് എനിക്ക് മാത്രേ അറിയൂ. ഞാൻ അത്രയും മനസ്സിലാക്കിയിട്ടുള്ളത് ഞാനല്ലാതെ മറ്റാരുമല്ല.
വീണ വ്യക്തമായി പറഞ്ഞു.. അവൾക്ക് അവനോടുള്ള സ്നേഹത്തെക്കുറിച്ച് അതിന്റെ ആഴത്തെക്കുറിച്ച്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി അവൾ നേരിട്ട് കണ്ട കാര്യങ്ങൾ എല്ലാം അവൾ വ്യക്തമായി അവനോട് പറയുമ്പോൾ അവനും അറിയുകയായിരുന്നു ആ പെണ്ണ് തന്നെ ഹൃദയത്തിൽ എത്രത്തോളം ചേർത്തു പിടിച്ചിട്ടുണ്ട് എന്ന്.
” ഏട്ടനു വേണ്ടി എന്തോരം സാധനങ്ങൾ ആണ് അവൾ വാങ്ങിയിരിക്കുന്നത് എന്നറിയോ.? എന്തിന് ഈ അടുത്തകാലത്ത് ഞാൻ പിറന്നാളിന് തന്ന ഗിഫ്റ്റ് പോലും അവളും വാങ്ങി തന്നത് ആണ്. ഇടയ്ക്ക് ഒക്കെ ഞാൻ തരാറുണ്ടായിരുന്നു പേഴ്സും മറ്റു ഗിഫ്റ്റുകളും ഒക്കെ അവൾ ഏട്ടന് വേണ്ടി തരുന്നത് ആണ്. എവിടെങ്കിലും പോയാൽ എന്തെങ്കിലും കണ്ടാൽ അപ്പോൾ തന്നെ ഏട്ടനു വേണ്ടി വാങ്ങും അതൊക്കെ. ഏട്ടൻ ജോലിയില്ലാത്ത ഇങ്ങനെ ബുദ്ധിമുട്ടുന്നതിലും അവൾക്ക് എന്ത് സങ്കടം ആണെന്ന് അറിയുമോ.? അവൾക്ക് ഏട്ടൻ എന്നുവച്ച് ഒരു വല്ലാത്ത ഭ്രാന്ത് തന്നെ ആണ്. പലപ്പോഴും എനിക്ക് പേടി തോന്നിയിട്ടുണ്ട്, ഈ ഇഷ്ടം ഏട്ടൻ ആക്സെപ്റ്റ് ചെയ്തില്ലെങ്കിൽ അവൾ എന്തെങ്കിലും അബദ്ധം കാണിക്കുമോന്ന് പോലും..
ആ തരത്തിലുള്ള ഇഷ്ടം ആണ് ഏട്ടനോട് അവൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഞാൻ അത് എത്രയും പെട്ടെന്ന് ഏട്ടനോട് തുറന്നുപറയാൻ അവളെ നിർബന്ധിച്ചത്. കാരണം ഒരുപാട് അത് ഉള്ളിൽ ഇട്ട് വളർത്തിയാൽ അത് ദോഷം ചെയ്യുന്നത് അവൾക്ക് തന്നെയായിരിക്കും. ഏട്ടന് ഇഷ്ടമല്ലെങ്കിൽ അത് തുറന്നു പറയട്ടെ എന്ന് ഞാൻ കരുതി..
വീണ പറഞ്ഞപ്പോൾ അവൻ അറിയുകയായിരുന്നു അവളെ കൂടുതൽ……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…