Novel

തണൽ തേടി: ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എല്ലാവരും കേൾക്കാൻ വേണ്ടി പറയാ, എന്നെ വിശ്വസിച്ച് ഈ വീട്ടിലേക്ക് കയറി വന്ന പെൺകുട്ടി ആണ്, ഇവളെ ഇവിടെ താമസിപ്പിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം. ഈ നിമിഷം ഇവൾ ഇവിടെ നിന്ന് ഇറങ്ങും കൂടെ ഞാനും.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.!

അവന്റെ ഉറച്ച ശബ്ദം അവിടെ മുഴുവൻ പ്രതിധ്വനിച്ചു

മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല സാലിയ്ക്കും.

അവൻ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവർക്ക് വ്യക്തമായി അറിയാം.

കുടുംബത്തിന്റെ ഏക ആശ്രയം അവൻ ഒരാൾ മാത്രമാണ്. അവൻ ഇവിടെ നിന്നും പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അവൻ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ല.

പറയാൻ ഒരു ദിവസം മോശസ്വഭാവങ്ങളും ഇല്ലാത്ത പയ്യനാണ്. നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ അവന് വലിയ പേരുമാണ്. അവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ട് വിളിച്ചു കൊണ്ടുവന്നു. അതിന് ആർക്കാണ് തെറ്റ് പറയാൻ സാധിക്കുന്നത്.?

കുട്ടിക്കാലം മുതലേ വീട്ടിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ജീവിച്ചിട്ടുള്ളവനാണ് സെബാസ്റ്റ്യൻ.. ഒരു രൂപ പോലും ഇപ്പോഴും വെറുതെ കളയുന്ന ശീലം അവനില്ല.. ചാച്ചൻ തോമ കുടുംബം നോക്കില്ലന്ന് മനസ്സിലാക്കിയ സമയത്താണ് അവൻ സ്വന്തമായി കുടുംബം നോക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പഠിക്കുന്ന സമയത്ത് തന്നെ അവനെ കൊണ്ട് പറ്റുന്ന ജോലികൾക്കൊക്കെ അവൻ പോയിട്ടുണ്ട്.

പെയിന്റ് പണിക്ക് പോകുന്ന അപ്പച്ചൻ കിട്ടുന്ന പൈസ മുഴുവൻ മദ്യഷാപ്പിൽ ചിലവഴിച്ചപ്പോൾ അമ്മച്ചി വീട്ട് പണിക്കു ഇറങ്ങുന്നത് കണ്ടാണ് ആദ്യമായി അവൻ പഠിത്തം നിർത്താൻ തീരുമാനിക്കുന്നത്.

വീട്ടിലെ ചിലവുകളും കടങ്ങളും അമ്മച്ചിയെ കൊണ്ട് തന്നെ താങ്ങാൻ കഴിയില്ലന്ന് മനസ്സിലാക്കിയ സെബാസ്റ്റ്യൻ സുഹൃത്തായ ശിവന്റെ ഒപ്പം ബസ് ഓടിക്കാൻ പഠിക്കുകയായിരുന്നു.

ഇനി തീരുമാനിക്കേണ്ടത് സാലി ചേച്ചിയാ, അവനവന്റെ തീരുമാനം പറഞ്ഞു. ഈ കൊച്ചിനെ ഇവിടെ നിർത്താൻ പറ്റുമോ ഇല്ലയോ എന്ന് പറ..

സണ്ണി പറഞ്ഞപ്പോഴാണ് ചിന്തകളിൽ നിന്നും സാലി ഓർമകൾക്ക് പുറത്തേക്ക് വന്നത്.

” ഞാനിനി എന്തു പറയാനാ.? അവൻ എന്നെ തോൽപ്പിച്ച് കളഞ്ഞില്ലേ.? ഇനി ഇവിടെ കേറ്റി താമസിപ്പിക്കുവോ ഭാര്യയായിട്ട് വാഴിക്കുവോ.? എന്താണെന്നുവച്ചാൽ ആയിക്കോ.

അത്രയും പറഞ്ഞു കരഞ്ഞു കൊണ്ട് സാലി അകത്തേക്ക് കയറി പോയപ്പോൾ ഇതിൽ കൂടുതൽ സമ്മതമാണെന്ന് അവർക്ക് പറയാൻ അറിയില്ല എന്ന തരത്തിൽ സണ്ണി അവനെ ഒന്ന് നോക്കി.

” അതൊന്നും നീ കാര്യമായിട്ട് എടുക്കണ്ട. കുറച്ചു ദിവസത്തേക്ക് പൊട്ടലും ചീറ്റലും ഒക്കെ കാണും, കുറച്ചു കഴിയുമ്പോൾ അതങ്ങ് മാറിക്കോളും. ഏതായാലും നീ ഈ പെൺകൊച്ചിനെ വിളിച്ചുകൊണ്ട് അകത്തേക്ക് ചെല്ല്…

സണ്ണി പറഞ്ഞു.
സാബുവിന്റെയും ശിവന്റെയും മുഖത്ത് കുറച്ച് ആശ്വാസം നിറഞ്ഞു.

” കൊച്ചെ എന്നതാ നിന്റെ പേര്..?

അവളുടെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചു.

” ലക്ഷ്മി..

പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

” മോളുടെ വീട്ടിൽ ആരൊക്കെയുണ്ട് .?..

സണ്ണി തിരക്കുന്നുണ്ട്

” അച്ഛൻ, ചെറിയമ്മ,അനുജൻ,

“അമ്മ..?

സണ്ണി എടുത്തു ചോദിച്ചു

” അമ്മ ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ മരിച്ചു പോയതാ

അവളത് പറഞ്ഞതും സണ്ണിയുടെ മുഖത്ത് വേദന നിറയുന്നത് സെബാസ്റ്റ്യൻ കണ്ടിരുന്നു..

” സിനി മോളെ, ഈ കൊച്ചിനെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയി എന്തെങ്കിലും ഇട്ടു മാറാൻ കൊടുക്ക്… മോൾ പോയി കുളിച്ച് ഫ്രഷ് ആയിട്ട് വാ..

സണ്ണി പറഞ്ഞപ്പോൾ അവൾ സെബാസ്റ്റ്യനേ നോക്കി. അവൻ കണ്ണുകൾ കൊണ്ട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചപ്പോൾ അവൾ സമ്മതത്തോടെ അകത്തേക്ക് കയറി. അവളെ അനുഗമിച്ചു കൊണ്ട് സിനിയും. സിമി കൊച്ചിനെയും കൊണ്ട് ഒന്നും ഇഷ്ടം ആവാത്ത പോലെ മുറിയിലേക്ക് പോയി. ജോജിയുടെ വീട്ടുകാർ അറിയുന്ന കാര്യം ഓർത്താരുന്നു സിമിയ്ക്ക് ഭയം..

അവളെ കണ്ട നിമിഷം മുതൽ അവളോട് എന്തെങ്കിലും ഒന്ന് സംസാരിക്കണം എന്നായിരുന്നു സിനിക്ക്. അമ്മച്ചിയെ പേടിച്ചാണ് സംസാരിക്കാതെ നിന്നത്.

സിനി അവളെ കൂട്ടികൊണ്ട് ചെന്നത് അവളുടെ മുറിയിലേക്ക് ആണ്.

” ഞാൻ എന്നതാ വിളിക്കേണ്ടത്..? ചേച്ചീന്നാണോ..?

ചിരിയോടെ സിനി ചോദിച്ചു.

അതിനെന്തു മറുപടി പറയണമെന്ന് അറിയാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ലക്ഷ്മി.

” ചേട്ടായി എന്നെക്കുറിച്ച് പറഞ്ഞു തന്നിട്ടില്ലേ.?

സിനി ചോദിച്ചു

അവൾ ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി.

” പേടിക്കേണ്ട കേട്ടോ ദേഷ്യവും ബഹളങ്ങളും ഒക്കെ ഉണ്ടെന്നേ ഉള്ളൂ അമ്മച്ചി സത്യത്തിൽ ഒരു പാവം ആണ്. പെട്ടെന്ന് ചേട്ടായിയുടെ കല്യാണം കഴിഞ്ഞു എന്നൊക്കെ കേട്ടപ്പോൾ അതിന്റെ ഒരു ഷോക്കില് പറഞ്ഞു പോകുന്നതാ,

” അയ്യോ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല.!

ലക്ഷ്മി പെട്ടെന്ന് തിരുത്തി

” അത് ഞാൻ ഒരു ഫ്ലോയ്ക്ക് പറഞ്ഞത് ആണ്. ചേച്ചിക്ക് എത്ര വയസ്സുണ്ട്.? എന്നെക്കാളും മൂത്തതാണോ അല്ലയോ എന്ന് അറിയണ്ടേ.?

സിനി പറഞ്ഞു

” 22

” അപ്പോ എന്നെക്കാളും രണ്ടു വയസ്സ് കൂടുതലുള്ളു.

” ചേട്ടായി ചേച്ചിയെ പറ്റി ഞങ്ങൾക്ക് ആർക്കും ഒരു ക്ലൂ പോലും തന്നില്ല. അതുകൊണ്ടല്ലേ ഇത്രയും ഷോക്കായി പോയത്. സാധാരണ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നത് ആണ്. ഇതിപ്പോൾ എന്നോട് പോലും പറഞ്ഞില്ല. അതൊക്കെ പോട്ടെ എത്രനാളായി നിങ്ങൾ തമ്മിലുള്ള ഇഷ്ടം തുടങ്ങിയിട്ട്..

സിനി ചോദിക്കുന്നതിനൊക്കെ എന്തു മറുപടി പറയണമെന്ന് അറിയാതെ അവള് നിൽക്കുകയായിരുന്നു..

” ഞാനെന്തൊരു സാധനം ആണ് അല്ലേ,ആദ്യമായി കണ്ടൊരാളോട് എന്തൊക്കെ കാര്യങ്ങൾ ആണ് ചോദിക്കുന്നത്.

സിനി നാക്കു കടിച്ചു പറഞ്ഞു

” ചേച്ചി ക്ഷീണിച്ചു വന്നതാണെന്ന് ഞാൻ മറന്നു പോയി. ഒരു കാര്യം ചെയ്യാം ഒന്ന് കുളിക്കാം, ഡ്രസ്സ് ഒന്നും കൈയിൽ ഉണ്ടായിരിക്കില്ലല്ലോ, തൽക്കാലം എന്റെ ഡ്രസ്സ് ഇട്ടാൽ മതി. അത് പാകായിരിക്കും. നമുക്ക് ഒരേ വണ്ണം ആണെന്ന് തോന്നുന്നു.

അവളെ ഒന്ന് നോക്കി സിനി പറഞ്ഞു.

അവൾ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് വളരെ പെട്ടെന്ന് തന്നെ ലക്ഷ്മിക്ക് മനസ്സിലായി. സിനി ഒരു ആശ്വാസം തന്നെയായിരുന്നു ലക്ഷ്മിക്ക്. കുറച്ചു മുൻപ് ഈ വീട്ടിൽ ആർക്കും തന്നെ ഇഷ്ടമാവില്ലല്ലോ എന്ന പേടിയായിരുന്നു. എന്നാൽ സിനിയുടെ വർത്തമാനം കേട്ടപ്പോൾ കുറച്ച് ആശ്വാസം അവൾക്ക് തോന്നിയിരുന്നു.
🎶🎶

” എടാ മോനെ സെബാനെ, നിന്റെ അമ്മച്ചി പറയുന്നതിന് നമുക്ക് കുറ്റം ഒന്നും പറയാൻ പറ്റത്തില്ല. അവർക്കും അവരുടേതായിട്ടുള്ള ആഗ്രഹങ്ങൾ കാണത്തില്ലേ.? ചാച്ചനോ ഇങ്ങനെ, അതിനിടയിൽ ആകെയുള്ള ആശ്വാസം നീ മാത്രം ആണ്. പിന്നെ മോന്റെ കല്യാണം എന്നൊക്കെ പറയുമ്പോൾ തീർച്ചയായിട്ടും ആഗ്രഹം കാണും. അത് മാത്രമല്ല സാലി ചേച്ചിയെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് പിള്ളേരിൽ ഏറ്റവും കൂടുതൽ അവർക്ക് ഇഷ്ടം നിന്നെയാണ്. അപ്പൊൾ നിന്റെ കല്യാണം കാണുക എന്നൊക്കെ പറഞ്ഞാൽ അത് അവരുടെ ഒരു വലിയ ആഗ്രഹം തന്നെയായിരിക്കും. നമുക്ക് അവരെ കുറ്റം പറയാൻ പറ്റൂമോ.?

സണ്ണി ചോദിച്ചപ്പോൾ ഒരു നിമിഷം സെബാസ്റ്റ്യനിലും ഒരു വേദന ഉടലെടുത്തിരുന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!