പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദി: പി വി അൻവർ
പിണറായിസത്തിനെതിരായ തന്റെ പോരാട്ടത്തിന് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അൻവർ. രാജി സ്പീക്കർക്ക് സമർപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്കും കഴിഞ്ഞ അഞ്ച് മാസമായി പിണറായി സർക്കാരിനെതിരെ, പിണറായിസത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ പിന്തുണ നൽകിയ പൊതുസമൂഹത്തിനും നന്ദിയെന്നും ്അൻവർ പറഞ്ഞു
2016ലും 2021ലും നിലമ്പൂരിൽ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി. നിയമസഭയിൽ ആദ്യമായി എത്തിച്ചേരാൻ പിന്തുണ നൽകിയ എൽഡിഎഫിന്റെ പ്രവർത്തകർക്കും നന്ദി. കഴിഞ്ഞ 11ാം തീയതി തന്നെ സ്പീക്കർക്ക് ഇ മെയിൽ വഴി രാജി അയച്ചു. സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട് രാജി സമർപ്പിക്കണമെന്ന് ആക്ടിൽ പറയുന്നുണ്ട്. ഇന്ന് നേരിട്ട് രാജി സമർപ്പിച്ചു
രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കർക്കുണ്ട്. രാജിവെക്കുക എന്ന ഉദ്ദേശത്തോടെയല്ല കൊൽക്കത്തയിലേക്ക് പോയത്. ടിഎംസി നേതാക്കളോട് സംസാരിക്കുകയും വീഡിയോ കോൺഫറൻസ് വഴി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും അൻവർ പറഞ്ഞു