Gulf

അല്‍ ഷിന്ദഗ ഇടനാഴി പദ്ധതി: രണ്ട് ലൈന്‍ മേല്‍പ്പാലം തുറന്നു

ദുബൈ: അല്‍ ഷിന്ദഗ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന അല്‍ ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമായി രണ്ട് വരി മേല്‍പ്പാലം തുറന്നതായി ആര്‍ടിഎ അറിയിച്ചു. മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ 650 മീറ്റര്‍ നീളത്തിലുള്ള പാലമാണ് ഇവിടെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്.

അല്‍ മിന സ്ട്രീറ്റില്‍നിന്നും ശൈഖ് റാശിദ് റോഡില്‍നിന്നുമുള്ള വാഹനങ്ങള്‍ക്ക് ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കും ശൈഖ് റാശിദ് റോഡിലേക്കും പ്രവേശിക്കാനായാണ് പുതിയ രണ്ടുവരി പാലം സാക്ഷാത്കരിച്ചിരിക്കുന്നത്. നാലു ഘട്ടമായുള്ള പദ്ധതിയില്‍ നാലു മേല്‍പാലങ്ങളാണ് 3.1 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ത്തീകരിക്കുക. ഇത് പൂര്‍ത്തിയായാല്‍ മണിക്കൂറില്‍ 19,400 വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പദ്ധതിയിലെ ആദ്യ മേല്‍പ്പാലം തുറന്നുകൊടുത്തത്. ശൈഖ് ഖാലിദ് ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റെര്‍സെക്ഷനില്‍നിന്നും ശൈഖ് റാശിദ് റോഡില്‍നിന്നും അല്‍ മിന സ്ട്രീറ്റിലേക്കും ഫാല്‍കണ്‍ ഇന്റെര്‍സെക്ഷനിലേക്കുമായിരുന്നു ഈ പാലം. മൂന്നു വരിയുള്ള 1,335 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ മണിക്കൂറില്‍ 4,800 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും.

Related Articles

Back to top button
error: Content is protected !!