കേസ് എടുത്താല്‍ അറസ്റ്റ് തടയാനാകില്ല; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി
ഹരജി ഈ മാസം 27ലേക്ക് മാറ്റി
നടി ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും മിത ഹിന്ദുത്വവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന. അറസ്റ്റ് ഭയന്ന് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിലപാട് വ്യക്തമായത്.
അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.
എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. നിലവില്‍ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി പോലീസിന്റെ നിലപാട് ആരാഞ്ഞത്. കേസ് എടുക്കുന്നതിലേക്ക് ഈ നീക്കം പോയേക്കും. പോലീസിന് ഈ വിഷയത്തില്‍ കോടതിയുടെ സമ്മര്‍ദമുണ്ടായാല്‍ പ്രമുഖ വ്യവസായിയെ അറസ്റ്റ് ചെയ്തത് പോലെ രാഹുലിനെതിരെയും നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
പരാതിയില്‍ കേസെടുത്ത ശേഷമുള്ള അറസ്റ്റ് മുന്നില്‍ കണ്ടാണ് ഹര്‍ജി നല്‍കിയതെന്നും അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.