ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു
രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
പെട്രോള്‍ തീര്‍ന്ന് വഴിയിലായതിന് പിന്നാലെ നാല് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നാല് കുഞ്ഞുങ്ങളില്‍ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. 13 മാസം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. യുവതിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.
പെട്രോള്‍ വാങ്ങാന്‍ ഭര്‍ത്താവ് പമ്പിലേക്ക് പോയപ്പോഴായിരുന്നു യുവതി കൊടും ക്രൂരത ചെയ്തത്. അഞ്ചു വയസ്സുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. യുവതി തന്റെ നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി (26) ആണ് ഈ ക്രൂരത ചെയ്തത്. കോലാര്‍ ജില്ലയിലെ തെലഗി ഗ്രാമത്തിലുള്ള കുടുംബമാണിത്. കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്നും ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.