Novel

തണൽ തേടി: ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ചമ്മലോടെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ പിന്നീട് അയാൾ എതിർത്ത് പറഞ്ഞില്ല

അടുക്കളയിലേക്ക് കയറി വെള്ളം കുടിക്കാനായി ചെന്നപ്പോഴാണ് കുളികഴിഞ്ഞ് അടുക്കള വാതിൽ വഴി അകത്തേക്ക് കയറി വരുന്ന ലക്ഷ്മിയെ അവൻ കണ്ടത്.

” ഞാൻ കാരണം വലിയ ബുദ്ധിമുട്ടായി അല്ലേ,

അവൾ അവനോട് ചോദിച്ചു..?

” അങ്ങനെ ചോദിച്ചോ നല്ല ബുദ്ധിമുട്ടായി. പക്ഷേ ഇപ്പോൾ ബുദ്ധിമുട്ടിയല്ലേ പറ്റൂ, പിന്നെ താനായിട്ട് ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടിച്ചത് അല്ലല്ലോ, ഞാനായിട്ട് തലയിൽ എടുത്തുവച്ച ബുദ്ധിമുട്ടല്ലേ., അതുകൊണ്ട് പകുതി മാത്രമേ തന്റെ ഭാഗത്ത് തെറ്റുള്ളു. ബാക്കി എന്റെ ഭാഗത്ത് തന്നെ ആണ്

” എല്ലാ കാര്യങ്ങളും. എല്ലാവരോടും തുറന്നു പറഞ്ഞോളൂ, അത് തന്നെയാണ് നല്ലത്. ഇല്ലെങ്കിൽ ശരിയാവില്ല. കൂടുതൽ പ്രശ്നം ആകും. സത്യം എല്ലാവരും അറിയട്ടെ, ഞാനിനി ഇവിടെ നിന്നാൽ അതിന്റെ ബുദ്ധിമുട്ടുകളൊക്കെ നിങ്ങൾക്ക് ആണ് ഉണ്ടാവാൻ പോകുന്നത്. ഞാൻ കാരണം നിങ്ങൾ ഇത്രത്തോളം വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് തന്നെയാണ് സങ്കടം തോന്നുന്നത്.

അവൾ വേദനയോട് പറഞ്ഞു

” ഞാൻ പറഞ്ഞില്ലേ, നമ്മൾ അവിടെ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് വെറും വാക്കല്ല. അതുകൊണ്ടു തന്നെ തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ പ്രധാന കാരണക്കാരൻ ഇനി ഞാനായിരിക്കും. അതുകൊണ്ട് വെറുതെ ഇറങ്ങിപ്പോകാൻ ഒന്നും പറ്റില്ല. ഏതായാലും ജയിലിൽ കിടക്കുന്നതിനേക്കാളും ഭേദം ഇവിടെ ഇത്തിരി പൊട്ടിത്തെറികൾ ഉണ്ടായാലും അത് അനുഭവിക്കാന്നുള്ളത് തന്നെയാണ്. പിന്നെ ആ ആദർശ് വന്നിരുന്നു കുറച്ചുമുമ്പ്. അവൻ തന്റെ പുറകെ തന്നെ ഉണ്ട്..
അവൻ അത് പറഞ്ഞപ്പോൾ ഞെട്ടലോടെ അവളവന്റെ മുഖത്തേക്ക് നോക്കി. തൽക്കാലം ഞാൻ അവനെ കണക്കിന് കൊടുത്തിട്ട് ഉണ്ട്. എങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ നിന്റെ കാമുകന്റെ അഡ്രസ്സ് ഒന്ന് പറ, നാളെ ഞാൻ അവന്റെ വീട് വരെ പോയി അവനെ നേരിട്ട് ഒന്ന് കാണാം.

അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. തനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്ക് വേണ്ടി ചെയ്തു തരുന്ന സഹായങ്ങൾ അവളെ അത്ഭുതപ്പെടുത്തിയിരുന്നു. അല്ലെങ്കിലും ദൈവം ഒരാളെ അങ്ങനെയങ്ങ് കൈവിടില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് അവൾ ഓർത്തു.

. ഏതെങ്കിലും ഒരു രൂപത്തിൽ ദൈവം ആരുമില്ലാത്തവർക്ക് മുൻപിൽ അവതരിക്കും എന്നത് സത്യമായ കാര്യമാണ്. തന്റെ മുൻപിൽ നിൽക്കുന്നത് തനിക്ക് രക്ഷകനായി ദൈവം അയച്ച വ്യക്തിയാണ്.

” വിവേകിനെ കാണാൻ ഞാനും കൂടി വരട്ടെ. എന്റെ സിറ്റുവേഷൻ ഞാൻ വിവേകിനോട് തുറന്നു പറയാം. അപ്പൊ വിവേകിനു അത് മനസ്സിലാക്കാൻ പറ്റില്ലേ..?

അവൾ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവനും തോന്നി. . ഒരു പരിചയവും ഇല്ലാത്ത ഒരാളെ ചെന്ന് കണ്ട് താൻ സംസാരിക്കുന്നതിലും എത്രയോ നല്ലതാണ് അവളും കൂടി വരുന്നത്.

“തനിക്ക് വീട് അറിയോ

” വീട് അറിയില്ല, പക്ഷേ അഡ്രസ്സൊക്കെ എന്റെ കയ്യിൽ ഉണ്ട്..

” ശരി നാളെത്തന്നെ നമുക്ക് പോകാം, ഇപ്പൊ താൻ സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്..

അവനത് പറഞ്ഞപ്പോൾ അവളൊന്നു തലയാട്ടി.

ശേഷം അകത്തേക്ക് കയറിപ്പോയി…

*

സിനിയുടെ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ ഇപ്പോഴും കേൾക്കാമായിരുന്നു അപ്പുറത്തെ മുറിയിൽ നിന്നുമുള്ള അമ്മച്ചിയുടെ കരച്ചിലും പദം പറച്ചിലും ഒക്കെ. അത് കേട്ടപ്പോൾ വല്ലാത്ത വേദന വീണ്ടും ലക്ഷ്മിയിൽ ഉടൽ എടുത്തു. താൻ കാരണമാണല്ലോ അവർ വേദനിക്കുന്നത് എന്ന ചിന്ത അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചു.

നിസ്സഹായമായി അവൾ അവനേ നോക്കി. അത് കാര്യമാക്കേണ്ട എന്ന തരത്തിൽ സിനി കൈകൾ കൊണ്ട് ആംഗ്യം കാണിച്ചിരുന്നു. എങ്കിലും അവൾക്ക് വല്ലാത്ത വേദന തന്നെ തോന്നിയിരുന്നു.

അപ്പുറത്തെ മുറിയിൽ ഇരുന്ന സിമി ഇനി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. ഭർത്താവിനെ വിളിച്ച് ഈ കാര്യങ്ങളൊക്കെ പറയാൻ അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നി. എന്നാൽ മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നതിലും നല്ലത് താൻ പറയുന്നതല്ല എന്ന് കരുതി അവൾ ഫോൺ എടുത്ത് ജോജിയുടെ നമ്പരിലേക്ക് വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ താൻ പ്രതീക്ഷിച്ചത് പോലെ വലിയ പ്രശ്നമുള്ള നിലപാട് ഒന്നുമല്ല അവനിൽ നിന്നും വന്നത്.

” നിങ്ങളെല്ലാവരും ഇത്ര പ്രശ്നം ഉണ്ടാക്കേണ്ട കാര്യം എന്താ.? ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയല്ലേ,

ജോജി പറഞ്ഞു

” അങ്ങനെയാണോ ഇച്ചായ? അമ്മച്ചി വലിയ കരച്ചിലാ,
മാത്രമല്ല എന്തായിരിക്കും നിങ്ങള്ടെ വീട്ടിൽ ഇത് അറിയുമ്പോൾ

” എന്റെ വീട്ടിൽ ഇത് അറിയുമ്പോൾ എന്താണ് ഞാനല്ലല്ലോ ആ പെണ്ണിനെ വിളിച്ചുകൊണ്ടുവന്നത്. അളിയന് ഒരു ജീവിതം വേണ്ട.? എത്രകാലമായി കുടുംബത്തിന് വേണ്ടി കിടന്ന് കഷ്ടപ്പെടുന്നു. ചെറിയ പ്രായത്തിലെ തുടങ്ങിയതല്ലേ, ഒന്നുമല്ലെങ്കിലും നിന്റെ കല്യാണം വരെ നടത്തിയത് അവൻ അല്ലേ..? ഇനിയിപ്പോ അവൻ കുറച്ച് നാൾ സമാധാനത്തോടെ ജീവിക്കട്ടെ.
അവനുവേണ്ടി ജീവിക്കട്ടെ. അതിന് നിങ്ങളൊക്കെ എന്തിനാ തടസ്സം നിൽക്കുന്നത്.?

” ഞങ്ങൾ ആരെങ്കിലും അതിനു തടസ്സം നിൽക്കുന്ന് ഇച്ചായന് തോന്നുന്നുണ്ടോ.? അവന്റെ കല്യാണം നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞങ്ങളൊക്കെ തന്നെയാണ്. ഇത് പക്ഷെ നമ്മള് വിചാരിച്ച പോലെയുള്ള ഒരു കല്യാണം ഒന്നുമല്ലല്ലോ.

സിമി പറഞ്ഞു

” നമ്മൾ വിചാരിക്കുന്നത് പോലെയൊക്കെ കാര്യങ്ങൾ നടന്നാൽ ഈ ലോകം എത്ര മനോഹരമായിരുന്നു..?
നിങ്ങളാരുമല്ല അവനാണ് ജീവിക്കേണ്ടത്, ഇഷ്ടപ്പെട്ട ആളിന്റെ കൂടെ വേണ്ട ജീവിക്കാൻ.? നീ നിനക്ക് ഇഷ്ടപ്പെട്ട ആളിന്റെ ഒപ്പം അല്ലേ ജീവിക്കുന്നത്.? നമ്മൾ തമ്മിലുള്ള പ്രേമം അറിഞ്ഞ കാലത്ത് അവൻ നിന്നോട് മാറാൻ പറഞ്ഞപ്പോൾ നീ മാറിയിരുന്നോ.? ഇല്ലല്ലോ. സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാകും. പക്ഷേ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നവൻ എല്ലാ കാലത്തും മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിക്കണം. അങ്ങനെയുള്ളവർക്ക് ചാർത്തി കൊടുക്കുന്ന ഒരു ആവശ്യമില്ലാത്ത പദവിയാ അത്. അമ്മച്ചിക്കും പെങ്ങന്മാർക്കും ഒക്കെ കണ്ടു ബോധ്യപ്പെട്ട ഇഷ്ടപ്പെടുകയാണെങ്കിൽ ഒരു പെണ്ണിനെ അവന് കല്യാണം കഴിക്കാം. അല്ലാതെ അവൻ അവന്റെ ഇഷ്ടങ്ങൾ ഒന്നും നോക്കരുത്. ഇങ്ങനെ അല്ലേ നിങ്ങൾ അമ്മച്ചിയും പെങ്ങമ്മാരും പറഞ്ഞുവരുന്നത്.?

ജോജി ചോദിച്ചപ്പോൾ മറുപടിയില്ലാതെ കുറച്ച് സമയം ഇരുന്നു പോയിരുന്നു അവൾ.

താനും ജോജിയും തമ്മിലുള്ള പ്രണയം വീട്ടിൽ അറിഞ്ഞ സമയത്ത് വലിയ കുടുംബക്കാരാണ് എന്നും നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന ബന്ധമല്ല ഇതന്നും ഒരുപാട് തവണ സെബാസ്റ്റ്യൻ പറഞ്ഞതാണ്. എങ്കിലും ഇത് മാത്രമേ മുൻപോട്ടു കൊണ്ടുപോകൂ എന്നു പറഞ്ഞ് നിർബന്ധപൂർവ്വം നിന്നത് താൻ ഒരാളാണ്. അന്ന് ഒരു പക്ഷേ അവൻ പറ്റില്ല എന്ന് തീർത്ത് പറഞ്ഞിരുന്നുവെങ്കിൽ താൻ ഇതിൽ നിന്നും പിന്മാറുമായിരുന്നോ.? അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ അവനും എന്ന് അവൾക്ക് തോന്നി.

” നീ ഫോൺ വെച്ചോ ഞാൻ രാവിലെ അങ്ങോട്ട് വരാം..

” അവിടെ മമ്മി അറിഞ്ഞോ.?

” നീ എന്തിനാ അതൊക്കെ ചിന്തിക്കുന്നത്, അളിയൻ കല്യാണം കഴിച്ചതിന് ഇവിടെ മമ്മിക്ക് എന്താ.? അറിഞ്ഞെങ്കിൽ അങ്ങോട്ട് അറിയട്ടെ,

” എങ്കിലും അറിയുമ്പോൾ എന്തെങ്കിലും ഒക്കെ പറയില്ലേ .?

” എന്ത് പറയാൻ.? നിനക്ക് ദേഹത്ത് കൊള്ളുന്നോന്നുമില്ലല്ലോ. എന്തെങ്കിലും പറഞ്ഞാൽ നീ നല്ല മറുപടി പറയണം.

ജോജി നിസാരമാക്കി പറഞ്ഞു

സെബാസ്റ്റ്യൻ മുറിയിലേക്ക് ചെന്ന് ഡ്രസ്സ് മാറി നന്നായി ഒന്ന് കുളിച്ച് അമ്മച്ചിയുടെ മുറിയിലേക്ക് ചെന്നിരുന്നു.

കട്ടിലിൽ കിടന്ന് കരയുകയാണ് സാലി. അവരെ കണ്ടപ്പോൾ അവന് സങ്കടം തോന്നി. കട്ടിലിൽ അവർക്ക് അരികിലായി അവൻ ഇരുന്നു.

” അമ്മച്ചി…

സ്നേഹത്തോടെ അവൻ തോളിലേക്ക് കൈവച്ചതും അവർ ദേഷ്യത്തോടെ ആ കൈ തട്ടി മാറ്റി……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!