സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ സർക്കാർ
സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റ് വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആലോചന. ജി എസ് ടി വകുപ്പുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിക്കും
ജി എസ് ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രം നേരത്തെ നിർദേശിച്ചിരുന്നു. കേരളത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകൾ ഇപ്പോഴും തുടരുകയാണ്. ഓൺലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകൾ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ കാണിക്കണമെന്ന ഉത്തരവ് 2021 ജൂണിൽ ഇറക്കിയിരുന്നു.
ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് കാരണമാകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു.