നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി പൊളിക്കാൻ അനുവദിക്കില്ല; തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചോയെന്ന് മകൻ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി പൊളിക്കാൻ സമ്മതിക്കില്ലെന്ന് ആവർത്തിച്ച് മകൻ സനന്ദൻ. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാൻ സമാധി സ്ഥലം പൊളിക്കാതെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്താമെന്നാണ് ഇയാൾ പറയുന്നത്. സമാധിസ്ഥലം കല്ലറയല്ലെന്നും ഋഷിപീഠമാണെന്നും ഇയാൾ പറഞ്ഞു
നാട്ടുകാർ പരാതി നൽകിയത് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞിട്ടാണ്. അങ്ങനെയെങ്കിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് അതിൽ ആളുണ്ടോയെന്ന് പരിശോധിക്കട്ടെ. അച്ഛന്റെ ആഗ്രഹപ്രകാരമാണ് എല്ലാം ചെയ്തതെന്നും മകൻ സനന്ദൻ പറഞ്ഞു.
ഋഷിപീഠത്തിൽ ഇരുന്നാണ് അച്ഛൻ സമാധിയായത്. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് സഹോദരൻ വിളിച്ച് അച്ഛന് കാണണമെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞത്. ഞാൻ എത്തിയപ്പോൾ അച്ഛാ എന്ന് വിളിച്ചശേഷം കുലുക്കി നോക്കിയിട്ടും അനങ്ങിയില്ല. പത്മാസനത്തിലാണ് അച്ഛൻ ഇരുന്നത്. മൂക്കിൽ കൈ വെച്ചപ്പോൾ ശ്വാസമുണ്ടായിരുന്നില്ലെന്നും സനന്ദൻ പറഞ്ഞു