ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. നീക്കം തടയാൻ ആറായിരത്തിലധികം അനുയായികൾ രാവിലെ യൂനിന്റെ സോളിലെ വസതിക്കു മുന്നിലെത്തിയിരുന്നു. ഈ മാസം ആദ്യം യൂനിനെ അറസ്റ്റ് ചെയ്യാൻ ആറു മണിക്കൂറോളം ശ്രമിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടിരുന്നു
പ്രസിഡന്റിന്റെ സുരക്ഷാ സർവീസിന്റെ ആക്ടിങ് മേധാവിയായ കിം സങ് ഹൂനിനേയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഡിസംബർ മൂന്നിന് പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യൂനിനെ ഇംപീച്ച് ചെയ്തത്. നിലവിൽ ഭരണഘടനാ കോടതിയിൽ ഇതുസംബന്ധിച്ച് വാദം കേൾക്കുകയാണ്.
ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂനിന്റെ പീപ്പിൾസ് പവർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രസിഡന്റ് പട്ടാളഭരണം പ്രഖ്യാപിച്ചത്.
എന്നാൽ പാർലമെന്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡന്റ് നിർബന്ധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.