ഹണിറോസിനെ പോലുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമെന്ന് ബോചെ
ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയല്ല
തന്റെ ബിസിനസ് സംരംഭങ്ങളില്‍ ഇനിയും ഹണി റോസിനെ പോലുള്ള സെലിബ്രിറ്റികളെ വിളിക്കുമെന്ന് ബോചെ. ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. സെലിബ്രിറ്റികളെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍ തന്റെ ഉദ്ദേശ്യം അന്നും ഇന്നുമൊക്കെ സെലിബ്രിറ്റികളെ വിളിക്കുന്നത് മാര്‍ക്കറ്റിംഗ്, സേയ്ല്‍സ് പ്രൊമോഷനാണ്. അത് അവരോട് പറഞ്ഞിട്ടാണ് വിളിക്കുന്നത്. ആ ഉദ്ദേശ്യം മാത്രമെ ഉണ്ടായിട്ടുള്ളൂ.. അത് വിട്ട് വേറെ ഉദ്ദേശ്യമില്ല.
പരാതിക്ക് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉള്ളതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് തോന്നുന്നില്ല എന്നാണ് ബോബി പറഞ്ഞത്. അതിനെക്കുറിച്ച് അറിവില്ലെന്നും ബോബി പറയുന്നു. ഈ വിഷയം ബിസിനസ്സിനെ ബാധിച്ചിട്ടില്ലെന്നും ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെന്നും കസ്റ്റമേഴ്സും ഷെയര്‍ ഹോള്‍ഡേഴ്സും പോസിറ്റീവായി തന്നെ നില്‍ക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തതിന്റെ കാരണവും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കോടതിയോട് ബഹുമാനം മാത്രമാണ് ഉള്ളതെന്നും എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.ഇന്നലെ ഉക്കതരവുമായി വരാമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചത്, അദ്ദേഹം പറഞ്ഞു.
സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും ഒരുപാട് പേര്‍ സഹായം തേടിയിരുന്നെന്നും അവര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നു എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കാരണമല്ലെന്നും ബോബി പറഞ്ഞു.