തണൽ തേടി: ഭാഗം 17
എഴുത്തുകാരി: റിൻസി പ്രിൻസ്
കട്ടിലിൽ കിടന്ന് കരയുകയാണ് സാലി. അവരെ കണ്ടപ്പോൾ അവന് സങ്കടം തോന്നി. കട്ടിലിൽ അവർക്ക് അരികിലായി അവൻ ഇരുന്നു.
” അമ്മച്ചി…
സ്നേഹത്തോടെ അവൻ തോളിലേക്ക് കൈവച്ചതും അവർ ദേഷ്യത്തോടെ ആ കൈ തട്ടി മാറ്റി
” തൊട്ടുപോകരുത് എന്നെ നീ,
ദേഷ്യത്തോടെ സാലി പറഞ്ഞു.
” അമ്മച്ചി, ഞാൻ പറയുന്നതൊന്നും മനസ്സിലാക്ക്
അവൻ അവരുടെ കാലിൽ പിടിച്ചു
” നീ പറയുന്നത് ഒന്നും എനിക്ക് കേൾക്കണ്ട, ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നതല്ല നീ ആ കാര്യത്തെ പറ്റി എന്നോട് പറയാതെ ഇരുന്നത് ആണ് എനിക്ക് സങ്കടം.
അവർ പറഞ്ഞു
” അങ്ങനെയൊരു സാഹചര്യം ആയിപ്പോയി അമ്മച്ചി, ഞാനൊരു പെണ്ണിനെ പറഞ്ഞു പറ്റിക്കരുത് എന്ന് അമ്മച്ചി എന്നോട് പറഞ്ഞിട്ടില്ലേ..? എന്ത് വിഷമിക്കേണ്ടി വന്നാലും ആശ കൊടുത്ത പെണ്ണിനെ തള്ളി കളയരുത് എന്ന് പറഞ്ഞിട്ടില്ലേ..?
അമ്മ പോലുമില്ലാത്ത ഒരു പെൺകൊച്ച്, അതിന് ആരുമില്ല അമ്മച്ചി. നമ്മളിവിടെ നിന്ന് ഇറക്കി വിട്ടാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവും അതിനു മുൻപിൽ ഇല്ല. നമ്മുടെ സിനിയും സിമിയും അവസ്ഥയിലൂടെ കടന്നുപോകാൻ നമ്മൾ സമ്മതിക്കൂമോ.? അത് എന്തുകൊണ്ട നമ്മളെല്ലാവരും ഉള്ളോണ്ടല്ലേ.? അവർക്ക് ഒരു ദോഷം വരാൻ നമ്മൾ സമ്മതിക്കില്ല. അതിനൊരു അമ്മയുണ്ടായിരുന്നെങ്കിൽ ജീവൻ കൊടുത്തും അതിനെ സംരക്ഷിക്കാമായിരുന്നില്ലേ.? അങ്ങനെ ഒരു അമ്മ ഇല്ല അതിന്റെ വീട്ടിൽ. ആ പെങ്കൊച്ചിന്റെ അവസ്ഥയൊക്കെ വലിയ കഷ്ടത്തിലാണ്. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. രണ്ടാം ഭാര്യ അത്ര ശരിയൊന്നുമില്ല. അവരാ പെങ്കൊച്ചിനെ കെട്ടിക്കാൻ ആണെന്ന് പറഞ്ഞു വേറെ പരിപാടിക്കൊക്കെ ആണ് നിർബന്ധിക്കുന്നത്. അതിനു വീട്ടിൽ നിൽക്കാൻ ഒരു മാർഗ്ഗമില്ലാത്ത അവസ്ഥ വന്നത് കൊണ്ട ഇറങ്ങിവന്നത്…
അവൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവരുടെ കരച്ചിൽ കുറച്ച് ഒഴിഞ്ഞിരുന്നു..
അവർ മകനെ നോക്കി, തനിക്ക് മുഖം തരാതെ മുഖം താഴ്ത്തിയിരിക്കുകയാണ് അവൻ.. ഒരു നിമിഷം അവനോട് അവർക്ക് സഹതാപം തോന്നി.
അവൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചു, അവളെ പറ്റിക്കാതെ വിളിച്ചുകൊണ്ടുവന്നതിൽ താൻ അഭിമാനിക്കുകയല്ലേ വേണ്ടത്.? സത്യത്തിൽ തനിക്ക് എന്താണ് പ്രശ്നം.? നാട്ടുകാരും ബന്ധുക്കളും എന്തുപറയും എന്നുള്ളതാണോ.? തങ്ങൾ ബുദ്ധിമുട്ടിൽ കഴിഞ്ഞ സമയത്ത് ആരെങ്കിലും ഉണ്ടായിരുന്നോ.? കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവന് അവന് ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ജീവിക്കാനുള്ള അവകാശമില്ലേ..? എന്തിനാണ് താനാ കാര്യത്തിൽ അവനെ ഇങ്ങനെ ക്രൂശിക്കുന്നത്.
” എടാ മോനെ നിനക്ക് ഈ കാര്യം എന്നോട് പറയാമായിരുന്നില്ലേ.? ഞാൻ അതു മാത്രമേ ചോദിക്കുന്നുള്ളൂ, പെട്ടെന്ന് ഒരു ദിവസം നീ അവളെ വിളിച്ചു കൊണ്ട് വരുമ്പോൾ ഞങ്ങളെല്ലാവരും എന്താ കരുതുന്നത്.?
സൗമ്യമായാണ് സാലി ചോദിച്ചത്…
അതിന് അവന്റെ മുൻപിൽ മറുപടിയുണ്ടായിരുന്നില്ല.
” അമ്മച്ചി ചില കാര്യങ്ങൾ നമുക്ക് പറയാൻ വലിയ ബുദ്ധിമുട്ട് ആണ്. അങ്ങനെയുള്ള ഒരു കാര്യമായിരുന്നു ഇത് എന്ന് കൂട്ടിയാൽ മതി. ഇല്ലെങ്കിൽ ഞാൻ അമ്മച്ചിയോട് പറയാൻ മടിക്കോ..? അമ്മച്ചിയോട് പറയാൻ എനിക്ക് എന്താ ബുദ്ധിമുട്ട്.? അമ്മച്ചി ദൈവത്തെ വിചാരിച്ചു ഇങ്ങനെ കരഞ്ഞു അസുഖം ഒന്നും ഉണ്ടാക്കരുത്. ഒന്നാമത് പ്രഷറും ആസ്ത്മയും ഒക്കെയുള്ളതാ, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അതൊരു വലിയ ശരിയായിരുന്നു. ആ സമയത്ത് അങ്ങനെയല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല. ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. എന്റെ സിനി ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ ഞാൻ എന്ത് ചെയ്തേനെ.? അത്ര കരുതിയുള്ളൂ,
അവന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം സാലിക്ക് അഭിമാനം തോന്നി.
ഒരു പെണ്ണിനെ പറഞ്ഞു പറ്റിക്കുകയോ മനസ്സിൽ ആശ കൊടുത്ത് അവളെ മോഹിപ്പിച്ച് പറ്റിക്കാനോ താല്പര്യം ഇല്ലാത്ത ഒരുവനേ ആണല്ലോ താൻ പ്രസവിച്ചത്. സ്ത്രീകളോട് അവന് ബഹുമാനം ഉണ്ടല്ലോ.
” അതിന്റെ വീട് എവിടെയാണ്.?
അവർ അവനോട് ചോദിച്ചു
” കൊല്ലം, സിഎംസില് ആണ് പഠിച്ചത്…
തനിക്കറിയാവുന്ന വിവരം അവനും പങ്കുവെച്ചു.
” എന്നാത്തിനാ പോലീസ് സ്റ്റേഷനിലേക്ക് പോയത്, ഇത് കേസ് ആയോ..?
.ആധിയോടെ സാലി ചോദിച്ചു
” അവൾ വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോൾ അച്ഛനോ മറ്റോ കേസ് കൊടുത്തത് ആണ്. അവര് നിന്നെ എന്തെങ്കിലും ചെയ്യോ.? വലിയ പൈസക്കാരാണോ.?
പേടിയോടെ സതി ചോദിച്ചു
” അങ്ങനെയൊന്നും ഇല്ല അമ്മച്ചി, പിന്നെ പോലീസ് സ്റ്റേഷനിലെ എഴുതിവെപ്പിച്ചിട്ടുണ്ടല്ലോ. എനിക്ക് എന്ത് പറ്റിയാലും അവരുടെ മുകളിൽ വരും എന്ന് അവർക്ക് അറിയാം. അതുകൊണ്ട് അങ്ങനെയൊന്നും ഉണ്ടാവത്തില്ല. അമ്മച്ചി വിഷമിക്കാതെ കിടക്ക്,
അത്രയും പറഞ്ഞു അവൻ എഴുന്നേറ്റ് പോയപ്പോൾ സാലിക്ക് കുറച്ച് സമാധാനമായിരുന്നു..
എന്നാൽ ഇനിയും ഇത് താൻ പ്രണയിച്ചു വിളിച്ചു കൊണ്ടുവന്ന പെൺകുട്ടി അല്ലെന്ന് എങ്ങനെ വീട്ടിൽ പറയും എന്ന ചിന്തയിലായിരുന്നു സെബാസ്റ്റ്യൻ
നാളെ അവളെ വിവേകിന്റെ അടുത്ത് കൊണ്ടുവിട്ടതിനു ശേഷം അതിനെക്കുറിച്ച് സംസാരിക്കാമെന്ന് അവൻ ചിന്തിച്ചു. തൽക്കാലത്തേക്ക് ഒരു ആശ്വാസമായി എന്ന് ചിന്തയിലാണ് അവൻ മുറിയിലേക്ക് ചെന്നത്.
കുറച്ച് സമയം അവൻ ഫോൺ സ്വിച്ച് ഓഫ് ആക്കി. വിവരമറിഞ്ഞ ഓരോരുത്തരായി വിളിച്ചു കൊണ്ടിരിക്കുകയാണ്.
സെബാസ്റ്റ്യൻ കട്ടിലിൽ തലയണ ചാരി ജനലും തുറന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് മുറിയിലേക്ക് അമ്മച്ചി വന്നത്.
” ഡാ സെബാനെ നീ ഒന്നും കഴിക്കുന്നില്ലേ..?
” എനിക്ക് വേണ്ട അമ്മച്ചി,
വിശപ്പില്ല..
അവൻ പറഞ്ഞു
” ഉച്ചയ്ക്ക് പോലും നീ ഉണ്ണാൻ വന്നതല്ലല്ലോ,ഇന്നൊന്നും കഴിച്ച് കാണുകയില്ല. വന്നു കഴിക്കാൻ നോക്ക്..
അത്രയും പറഞ്ഞ് നടന്ന സാലി വാതിൽക്കൽ നിന്ന് അവനോട് പറഞ്ഞു.
” ആ പെണ്ണിനോട് ഞാൻ മിണ്ടാൻ ഒന്നും പോയിട്ടില്ല. വല്ലതും കഴിക്കാൻ വേണ്ടി വരാൻ പറ. ഇവിടെ കേറി വന്നിട്ട് ആദ്യത്തെ ദിവസം തന്നെ പട്ടിണിയ്ക്ക് ഇട്ടു എന്ന് വേണ്ട
താല്പര്യമില്ലാതെയാണെങ്കിലും അവരത് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..
അവൻ പെട്ടെന്ന് ഒരു ഷർട്ടും എടുത്ത് സിനിയുടെ മുറിയിലേക്ക് ചെന്നു.
അവിടെ സിനി പറയുന്നത് എന്തൊക്കെയോ കേട്ടുകൊണ്ടിരിക്കുകയാണ് ലക്ഷ്മി. അവളുടെ മുഖഭാവം കണ്ടാൽ അറിയാം അവൾ ഇവിടെ അല്ല മറ്റെവിടെയോ ആണെന്ന്..
” സിനിയേ…
സെബാസ്റ്റ്യന്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ തലയുയർത്തി നോക്കിയത്. അവനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവൾക്ക് തോന്നി.
” എന്നതാ ചേട്ടായി
സിനി ചോദിച്ചു
” കഴിക്കേണ്ട.? നേരം ഒരുപാട് ആയി അമ്മച്ചി വിളിക്കുന്നു..
സിനിയോട് അങ്ങനെ പറഞ്ഞുവെങ്കിലും കണ്ണുകളിൽ ലക്ഷ്മിയോട് കൂടി വരാനുള്ള ഒരു ക്ഷണം ഉണ്ടായിരുന്നു..
” നമുക്ക് വല്ലതും കഴിക്കാം ചേച്ചി…
സിനി ലക്ഷ്മിയോട് പറഞ്ഞപ്പോൾ അവൾ എഴുന്നേൽക്കാൻ ഒന്നും മടിച്ചു..
“വാടോ,ഭക്ഷണം കഴിക്കാം, ഇന്ന് ഒന്നും കഴിച്ചത് അല്ലല്ലോ
സെബാസ്റ്റ്യൻ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ അവൾക്ക് തോന്നിയില്ല. അവൾ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…