കഞ്ചിക്കോട് ബ്രൂവറി അനുമതി നൽകിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി
കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്. ഇത് സംസ്ഥാനത്തിന്റെ മദ്യനയത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ ആരോപണം സ്വാഭാവികമാണെന്നും എംബി രാജേഷ് പറഞ്ഞു.
കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുമതി നൽകിയത്. എന്നാൽ മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.. ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു
ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യനിർമാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല. 26 വർഷമായി സംസ്ഥാനത്ത് മദ്യനിർമാണശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണ ശാലകൾ അനുവദിക്കേണ്ടതില്ലെന്ന് 1999ൽ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു പതിവ്
2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി ശ്രമിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.