കേരളത്തിന് നേട്ടം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇതുസംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവിറക്കി. സുരക്ഷാ വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതിക്കും കേന്ദ്രം രൂപം നൽകി. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന കേന്ദ്ര ജല കമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു
നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേൽനോട്ട സമിതിക്ക് രൂപം നൽകുകയും ചെയ്തു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചെയർമാനാണ് പുതിയ സമിതിയുടെ അധ്യക്ഷൻ. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളടക്കം ഏഴ് പേർ സമിതിയിൽ അംഗങ്ങളാണ്
പുതിയ സമിതി ഡാം തുടർച്ചയായി പരിശോധിക്കും. കാലവർഷത്തിനു മുൻപും കാലവർഷ സമയത്തും ഡാം സസൂക്ഷ്മം നിരീക്ഷിക്കും. സുരക്ഷ നിരീക്ഷിച്ച ആവശ്യമായ നടപടികൾ നിർദേശിക്കുമെന്നും ആ നടപടികൾ തമിഴ്നാട് നടപ്പിലാക്കണമെന്നും ജലശക്തി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണവും ഈ വിഷയത്തിൽ തേടിയിട്ടുണ്ട്.