ഒരു പായ്ക്കറ്റ് ബീഡിക്ക് 4000 രൂപ വരെ; വിയ്യൂർ ജയിലിൽ ബീഡി കച്ചവടം നടത്തിയ ജയിൽ ജീവനക്കാരൻ പിടിയിൽ
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ വിൽപ്പനക്ക് എത്തിച്ച ബീഡിയുമായി ജയിൽ ജീവനക്കാരൻ പിടിയിൽ. തടവുകാർക്ക് കൈമാറാൻ എത്തിച്ച ബീഡിയുമായി അസി. പ്രിസൺ ഓഫീസർ ഷംസുദ്ദീൻ കെപിയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകളിലെ പ്രതികളെയടക്കം പാർപ്പിക്കുന്ന വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സുരക്ഷാ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്
ജയിലിലെ മെസിലടക്കം ജോലി ചെയ്യുന്ന തടവുകാർക്ക് കൈമാറാനായി എത്തിച്ച ബീഡികളാണ് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജീവനക്കാരുടെ വിശ്രമമുറിയിൽ നടത്തിയ പരിശോധനയിലാണ് ഷംസുദ്ദീന്റെ ബാഗിൽ രണ്ട് പായ്ക്കറ്റ് ബീഡിയും സോക്‌സിൽ പൊതിഞ്ഞ നിലയിൽ അഞ്ച് പായ്ക്കറ്റ് ബീഡിയും കിടക്കയുടെ അടിയിൽ അഞ്ച് പായ്ക്കറ്റ് ബീഡിയും കണ്ടെടുത്തത്
വിയ്യൂർ പോലീസിന് കൈമാറിയ പ്രതിയെ അറസ്റ്റ് ചെയ്തു. 20 എണ്ണമുള്ള ചെറിയ പായ്ക്കറ്റ് ബീഡിക്ക് ഇയാൾ 4000 രൂപ വരെ ഈടാക്കിയിരുന്നുവെന്നാണ് തടവുകാർ നൽകിയ മൊഴി. ജയിലിൽ ബീഡി നൽകുകയും പണം പുറത്തുവെച്ച് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വാങ്ങുകയുമായിരുന്നു രീതി.