MoviesNational

സെയ്‌ഫ്  അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; വ്യാപക തിരച്ചില്‍

സി സി ടിവി ചിത്രം പുറത്തുവിട്ടു

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയില്‍ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴിയാണ് ഇയാള്‍ നടന്‍ താമസിക്കുന്ന 11-ാം നിലയിലേക്ക് കയറിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണമുണ്ടായത്. 2.33ന്റെ സി സി ടിവി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. അക്രമിയുടെ ദൃശ്യം പോലീസിന് കിട്ടിയില്ലെന്നും പല സി സി ടിവിയില്‍ നിന്നും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ലെന്നും നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞത് നിര്‍ണായകമാണെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ടി ഷര്‍ട്ടും ജീന്‍സും അണിഞ്ഞ് ഗോവണിപ്പടികള്‍ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ പ്രതിയുടെ മുഖം വ്യക്തമാണെന്നും ഇയാളെ തിരിച്ചറിഞ്ഞെന്നും പോലീസ് മേധാവികള്‍ വ്യക്തമാക്കി.

പ്രതിയെ പിടികൂടാന്‍ ബാന്ദ്ര പൊലീസ് 10 പേരടങ്ങുന്ന ടീമിനെ രൂപീകരിച്ചിട്ടുണ്ട്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിയെ കണ്ട് ജോലിക്കാരി അലറുന്നത് കേട്ട് സെയ്ഫ് അലിഖാന്‍ എഴുന്നേറ്റ് ചെല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ അക്രമി കത്തികൊണ്ട് പലവട്ടം കുത്തി. വീട്ട് ജോലിക്കാരിക്കും പരുക്കേറ്റു. പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ഡ്രൈവര്‍മാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച നടനെ മകന്‍ ഇബ്രാഹിം ഓട്ടോയിലാണ് സമീപത്തെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. അതില്‍ നട്ടെല്ലിനോട് ചേര്‍ന്ന ഭാഗത്ത് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി.കത്തിയുടെ ഒരു ഭാഗം എടുത്ത് മാറ്റി.

ആറ് തവണ നടന് കുത്തേറ്റിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും നടന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!