അപരിചിത : ഭാഗം 22
എഴുത്തുകാരി: മിത്ര വിന്ദ
മുത്തശ്ശി വാതിൽ കടന്നു പോയതോന്നും ശ്രീഹരി അറിഞ്ഞിരുന്നില്ല.
ദൈവമേ…. താൻ എന്താണ് കേട്ടത്.. അവളെ വിഷം തീണ്ടി എന്നാണോ.. അതുകൊണ്ട് ആവും അവൾ തന്റെ കട്ടിലിൽ കിടന്നത് എന്ന് അവൻ ഓർത്തു.
വാഷ്‌റൂമിന്റെ വാതിൽ തുറക്കുന്നതായി അവൻ കേട്ടു.
മുടന്തി മുടന്തി വരുന്ന മേഘ്‌നയെ ആണ് അവൻ കണ്ടത്.
അവളുടെ കണ്ണുകളിൽ അപ്പോളും ഈറൻ മഴ പെയ്യുന്നുണ്ടായിരുന്നു.
വേച്ചു വീഴുവാൻ പോയ അവളെ ശ്രീഹരി വേഗം പിടിച്ചു കട്ടിലിൽ ഇരുത്തി.
ഇതാ… ഇത് കാലിൽ തടവാൻ തന്നതാണ് മുത്തശ്ശി . അവൻ മരുന്നെടുത്തു അവൾക്ക് കൊടുത്തു.
പച്ചമഞ്ഞളും തുളസി ഇലയും ഒക്കെ ആണെന്ന് തോന്നുന്നു എന്ന് അവനു തോന്നി.
അവൾ അത് മേടിച്ചു അവളുടെ കൈയിൽ വെച്ചു.
മേഘ്‌ന…. ആം സോറി…. അവൻ അവളുടെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്.
.
അവൾ പക്ഷെ ഒന്നും സംസാരിച്ചില്ല.
രണ്ട് ദിവസം എന്ന് പറഞ്ഞു വന്നിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. എന്റെ വേളി ആണ് താൻ എന്നാണ് എന്റെ കുടുംബത്തിന്റെ ധാരണ. ന്റെ വിവാഹം വാക്കാൽ പറഞ്ഞു ഉറപ്പിച്ചതാണ്… ഇതൊക്കെ അറിയാമായിരുന്നിട്ടും… താൻ… താൻ… ഇവിടെ നിന്ന് പോകാതെ.. വീണ്ടും എന്നേ കബളിപ്പിക്കുവാൻ തുടങ്ങിയപ്പോൾ… ശ്രീഹരി വിശദീകരിച്ചു.
പോകുവാൻ തുടങ്ങിയതാണ്… അപ്പോൾ ഞാൻ നനച്ചിട്ടിരുന്ന എന്റെ ചുരിദാർ എടുക്കുവാനായി പോയതാണ്.. അവിടെ വെച്ചു ആണ്.. അവളുടെ വാക്കുകൾ മുറിഞ്ഞു.
സാരമില്ല.. പോട്ടെ… അവൻ ആശ്വസിപ്പിച്ചു.
മേഘ്‌ന…. അവൻ കട്ടിലിന്റെ ഓരത്തു വന്നു ഇരുന്നു കൊണ്ട് അവളെ നോക്കി.
ഇയാളുടെ പ്രശ്നം എന്താണ്… തന്നെ വിവാഹം കഴിച്ച ആൾ ഇനി വരില്ലേ… അവൻ ചോദിച്ചു.
ഇല്ല സാർ…. അയാൾ ഇനി വരില്ല. അയാൾ എന്നെ ചതിച്ചു കടന്നു കളഞ്ഞു.. അത് പറയുമ്പോൾ അവൾ കരഞ്ഞിരുന്നില്ല..
എന്താണ് താൻ പറഞ്ഞു വരുന്നത്… അവൻ വീണ്ടും ചോദിച്ചു.
സാർ…. അയാൾ വരുമെന്ന് കരുതി അയാളെ കാത്തു ഇരിക്കുന്നതല്ലാ ഞാൻ…
എന്റെ… ന്റെ… അമ്മ പറഞ്ഞ ഒരാളെ അന്വേഷിച്ചു വന്നതാണ് ഞാൻ.
ഇവിടെ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത് അവർ ഇപ്പോൾ സ്ഥലത്ത് ഇല്ലന്ന്… അവളുടെ ശബ്ദം വിറച്ചു.
അവർ വരുവാൻ കുറച്ചു താമസം ഉണ്ട്.. ഈശ്വരാനുഗ്രഹത്താൽ അവർ വേഗം വരിക ആണെങ്കിൽ ആ നിമിഷം ഞാൻ ഇവിടെ നിന്ന് പോകും.
അതിനു മുൻപ് ഞാൻ ഈ കാര്യങ്ങൾ എല്ലാം ഇവിടെ എല്ലാവരോടും പറഞ്ഞോളാം. സാറിന്റെ ഭാവിവധുവും ആയിട്ടുള്ള വിവാഹവും പറഞ്ഞുറപ്പിച്ചത് പോലെ നടക്കും… ഉറപ്പ്..
അതുവരെ… അതുവരെ… എനിക്ക് പോകുവാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണ്… അവൾ പറഞ്ഞു നിറുത്തി.
എന്തെങ്കിലും താൻ ചോദിക്കുമ്പോൾ കരഞ്ഞു തുടങ്ങുന്ന പെൺകുട്ടിയെ അല്ല ഇപ്പോൾ ശ്രീഹരി കണ്ടത്.
എന്തൊക്കെയോ ഉറച്ച തീരുമാനങ്ങളും ആയി വന്ന ഒരു പെണ്ണാണ് അവൾ എന്ന് അവനു തോന്നി.
തന്റെ നാട് ശരിക്കും എവിടെ ആണ്… അവൻ ചോദിച്ചു
നാസിക് ആണ് സാർ… മഹാരാഷ്ട്ര… അവൾ പറഞ്ഞപ്പോൾ ശ്രീഹരി അന്താളിച്ചു..
വാട്ട്…. അവിടെ നിന്നും ഇത്രയും ദൂരമോ… ഇയാൾ പറയുന്നത് എല്ലാം സത്യം ആണോ… പെട്ടന്ന് അവൻ ചോദിച്ചു.
അതേ സാർ… എന്റെ നാട് നാസിക് ആണ്.. ഞാൻ ജനിച്ചതും വളർന്നതും എല്ലാം അവിടെ ആണ്. അവൾ പറഞ്ഞു.
ഇതൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും… അവൻ ചോദിച്ചു.
അവൾ പതിയെ അലമാര തുറന്ന്.
അതിൽ നിന്നും ഒരു ആൽബം എടുത്തു.
ഇത് ഞാനും എന്റെ ഡാഡിയും അമ്മയും ആണ്… അവൾ അത് അവനു കൈമാറി.
അവൻ ഓരോരോ പേജുകൾ ആയി മറിച്ചു നോക്കി.
അവളുടെ കൂടെ നിൽക്കുന്ന സ്ത്രീയെ കണ്ടാൽ അവളുടെ അമ്മ ആണെന്ന് പറയു. കാരണം അവർ തമ്മിൽ നല്ലതായിട്ട് മുഖ സാമ്യം ഉണ്ടായിരുന്നു.
അവളുടെ ചെറുപ്പം മുതൽ ഉള്ള ഫോട്ടോസ് ആണ് അതിൽ മുഴുവനും.
ഏതോ ഒരു കല്യാണത്തിന് ഒരുങ്ങിയ ഒരു ഫോട്ടോ കണ്ടാൽ തന്റെ അടുത്തിരിക്കുന്ന മേഘ്‌ന ആണെന്ന് പറയില്ല, അത്രക്ക് സുന്ദരി ആയിരുന്നു അവൾ ഫോട്ടോയിൽ.
ഇവൾ പറയുന്നത് സത്യം ആണെന്ന് അവനു മനസിലായി.
എടോ… താൻ ഒറ്റക്ക് ആണോ വന്നത്… അവൻ അവളെ നോക്കി.
അതേ സാർ.. … ഞാൻ ഒറ്റക്ക് ആണ് വന്നത്. അവൾ മറുപടി നൽകി.
താൻ ഒറ്റക്ക്… അതും ഇത്രയും ദൂരം.. അവനിൽ പിന്നെയും സംശയം ഉയർന്നു.
ഞാൻ ഒറ്റക്കാണ് വന്നത്.. എന്റെ സാഹചര്യം അങ്ങനെ ആയി പോയി.
അവൾ നിലത്തു മിഴികൾ ഊന്നി.
തന്റെ ഭർത്താവ് എവിടെ… അവൻ വീണ്ടും ചോദിച്ചു.
അയാൾ…. അയാൾ…. അതു പറയുമ്പോളേക്കും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
സാർ,, ആ കാര്യത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുവാൻ ഇപ്പോൾ സാധിക്കില്ല… താമസിയാതെ ഞാൻ പറഞ്ഞു കൊള്ളാം… അവൾ അവനോട് പറഞ്ഞു
ശരി ശരി… അവൻ ആ ആൽബവും ആയി എഴുനേറ്റു.
അവൾ അത് മേടിച്ചു വീണ്ടും അവളുടെ ബാഗിൽ കൊണ്ടുപോയി വെച്ചു……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…