പൗർണമി തിങ്കൾ: ഭാഗം 78
രചന: മിത്ര വിന്ദ
ഒരാഴ്ച വേഗം കടന്നു പോയി.ഹെലനും ഭർത്താവും കൂടി വന്നിട്ട് കാത്തുനെ കണ്ടിട്ട് വീണ്ടും തിരിച്ചു പോയി.
പൗമിയേ ഒറ്റയക്ക് ആക്കിയിട്ടു എവിടെയും പോകാൻ അലോഷിയ്ക്ക് മനസിലായിരുന്നു. അതുകൊണ്ട് അവൻ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറി.
പപ്പയ്ക്കും മമ്മിയ്ക്കും അത് വ്യക്തമായ കാര്യമാണ്, പക്ഷെ അവർ മക്കളോട് ഒന്നും പറഞ്ഞില്ല
സത്യം പറഞ്ഞാൽ ഹെലനും കാത്തുവിനും അലോഷിയ്ക്ക് പൗമിയോടുള്ള പ്രണയം പോലും അറിയത്തില്ല
അലോഷി നേരിട്ട് സഹോദരിമാരോട് പറഞ്ഞോട്ടെ എന്നാണ് അവരും തീരുമാനിച്ചത്.
കാത്തുവിനെയും കൂട്ടി പപ്പയും മമ്മിയും ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയിരിന്നു
അലോഷിയും പൗമിയും ഡെയിലി അവരെ ഫോണിൽ വിളിക്കും. കണ്ടു സംസാരിക്കും.
അല്ലാണ്ട് പിന്നീട് നാട്ടിൽ പോകുവാനൊന്നും അവർക്ക് സാധിച്ചില്ല. അലോഷി ഓഫീസിൽ ആകെ തിരക്കിൽ ആയിരുന്നു.
സ്മൃതി കൃഷ്ണകുമാർ ആണെങ്കിൽ പല തറ വേലകളും തുടങ്ങി. അവനെ അടിച്ചമർത്താൻ ആയിരുന്നു ശ്രെമം. അതൊക്കെ മനസിലാക്കിക്കൊണ്ട് അലോഷി ഒരു മുഴം മുന്നേ കാര്യങ്ങൾ ചെയ്തു തുടങ്ങി.
ഇതിനൊടിടയ്ക്ക് ബാബുരാജ് ആ വിവാഹ ആലോചന വേണ്ടന്ന് വെച്ചിരുന്നു. കാരണം,മോൾക്ക് ഇപ്പൊ വിവാഹം വേണ്ടാന്നുള്ളത് അയാൾ കൂട്ടുകാരനോട് അറിയിച്ചു.
ഉമയ്ക്ക് ശരിക്കും ദേഷ്യമായിരുന്നു, നല്ല ഒരു ബന്ധം വന്നപ്പോൾ മകൾ അത് തല്ലികുടഞ്ഞു കളഞ്ഞുന്നു പറഞ്ഞു അവർ ഭർത്താവിനോട് തട്ടിക്കയറി..
ബാബുരാജ് പക്ഷെ തന്റെ മകളോടൊപ്പം നിന്നു.
അവളുടെ ഇഷ്ട്ടം, അതായിരുന്നു അയാൾക്ക് വലുത്.
ഒരു വൈകുന്നേരം ബാബുരാജ് വെറുതെ ഓട്ടോ സ്റ്റാൻഡിൽ കിടക്കുകയാണ്.
ഓട്ടം തീരെ കുറവുള്ള ഒരു ദിവസം ആയിരുന്നത്.
വില കൂടിയ ഒരു വാഹനത്തിൽ ഒരുവൻ വന്നിട്ട് ബാബുരാജിനെ കുറിച്ച് കവലയിലെ ബേക്കറിയിൽ അന്വേഷിക്കുകയാണ്.
എടാ ബാബു…. ദേ, നിന്നെയാണ് ഈ കുട്ടി ചോദിക്കുന്നത
ബേക്കറി ഉടമയായ ടോമിചേട്ടൻ ബാബുരാജിനെ ഉച്ചത്തിൽ വിളിച്ചു.
അപ്പോളാണ് അയാൾ തിരിഞ്ഞു നോക്കിയത്..
ഒറ്റ നോട്ടത്തിൽ തന്നെ, ഒരു ജെന്റിൽമാനെ പോലെ തോന്നിക്കുന്ന പയ്യൻ, ബാബുരാജിന്റെ അരികിലേക്ക് വരുന്നുണ്ട്. അയാളും പെട്ടെന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി.
ച്ചേട്ടാ… എന്റെ പേര് അശോക്. ഞാൻ ബാംഗ്ലൂരിൽ നിന്നാണ് വരുന്നത്.
ആ പയ്യൻ പറഞ്ഞതും ബാബുരാജിന്റെ നെഞ്ചിടിപ്പേറി.
എന്താ….
അയാളുടെ നെറ്റി ചുളിഞ്ഞു.
ഒന്നുല്ല.. എനിക്ക് ചേട്ടനോട് ഒരു കാര്യം സംസാരിക്കുവാൻ ആയിരുന്നു, വിരോധമില്ലെങ്കിൽ നമുക്ക് ഇത്തിരി അങ്ങോട്ട് മാറി നിൽക്കാം.
ആ പയ്യൻ പറഞ്ഞതും ബാബുരാജ് അവനോടൊപ്പം ലേശം മുന്നോട്ടു നടന്നു.
ഞാൻ കോയിക്കലെ മാധവൻ നായരുടെ കൊച്ച്മകൻ ആണ് ച്ചേട്ടാ.
ഒഹ് രാജേന്ദ്രന്റെ മകനാണോ…
അതെ… അച്ഛനെ അറിയുവാരുന്നോ.
കണ്ടിട്ടുണ്ട് പലപ്പോഴും.. ഇടയ്ക്ക് ഒന്ന് രണ്ട് തവണ സംസാരിച്ചിട്ടുണ്ട്.
ഹ്മ്മ്.. അച്ഛൻ പോയിട്ട് ഇപ്പൊ ഒന്നര വർഷമായി.
അറിയാം… ആ ആക്സിഡന്റ് ഉണ്ടായ സമയത്ത് ഞാൻ ഒരു ഓട്ടത്തിൽ ആയിരുന്നു. ടൗണിൽ വെച്ച് ഞങ്ങളൊക്കെ കൂടെയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
ആ പയ്യന്റെ വീട്ടുകാരെ പരിചയമുള്ളതാണല്ലോ എന്നറിഞ്ഞപ്പോൾ ബാബുരാജിന് അല്പം ആശ്വാസമായിരുന്നു
കുറച്ചുസമയത്തേക്ക് അവർ നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചു.
അതിനുശേഷം ആണ് അശോക് കാര്യത്തിലേക്ക് കടന്നത്
അങ്കിൾ ,,,അങ്കിൾന്റെ മകൾ പൗർണമി, ബാംഗ്ലൂരിൽ ജോലിക്ക് കയറിയിട്ട് എത്ര നാളായി..
മുഖവുര ഒന്നും കൂടാതെ അവൻ ബാബുവിനോട് ചോദിച്ചു..
നാളെ ഒരു മാസം ആകും അവൾ ജോലിക്ക് കയറിയിട്ട്.എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ.?
അത് ചോദിക്കുമ്പോൾ പാവം ആ മനുഷ്യന്റെ വാക്കുകൾ പതറിയിരുന്നു..
ഹേയ്.. പ്രശ്നമൊന്നുമില്ല അങ്കിൾ ഞാന് പൗർണമിയുടെ സീനിയർ ആയിട്ട് പഠിച്ചതാണ്. ബാംഗ്ലൂരിൽ ഒരു ഐടി ഫീൽഡിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്, പൗർണമി റാങ്ക് ഹോൾഡർ ആയ വിവരമൊക്കെ ഞാൻ അറിഞ്ഞിരുന്നു. ആ കുട്ടിയെ നേരിട്ട് പരിചയമില്ലെങ്കിലും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്,,,,
അശോക് പറഞ്ഞു വരുന്നത് എന്തെന്നറിയാൻ, അക്ഷമയോടെ ബാബുരാജ് നിൽക്കുകയാണ്..
എനിയ്ക്ക്, ഈ പൊതുവഴിയിൽ നിന്നുകൊണ്ട്, അങ്കിളിനോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, വീട്ടിലേക്ക് എന്റെ വേണ്ടപ്പെട്ടവരെയൊക്കെ കൂട്ടിക്കൊണ്ട് താമസിയാതെ വരണമെന്നാണ് എന്റെ ആഗ്രഹം. അതിനു മുൻപ് പൗർണമിയുടെ അച്ഛന്റെ തീരുമാനം കൂടി എനിക്ക് അറിയണം.
അശോക് ഒരു പുഞ്ചിരിയോടെ തുടർന്ന്.
എനിയ്ക്ക് പൗർണമിയേ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് . ആ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്.. അങ്കിൾന്റെയും പൗർണമിയുടെയും തീരുമാനം അറിഞ്ഞ ശേഷം ഈ കാര്യം വീട്ടിൽ പറയുവാൻ വേണ്ടിയാണ്.
അശോക് ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുവാനാണ് വന്നതെന്നുള്ളത് ബാബുരാജ് സ്വപ്നത്തിൽ പോലും കരുതിയില്ല,, അവൻ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അയാൾക്ക് ശ്വാസം പോലും നേരെ വീണത്..
ഒരു നെടുവീർപ്പോടുകൂടി ബാബുരാജ് അവനെ നോക്കി.
എന്റെ ഫാമിലിയെ കുറിച്ച് ഒക്കെ അങ്കിളിന് വ്യക്തമായിട്ട് അറിയാമല്ലോ, പിന്നെ ഞാൻ. എന്നെക്കുറിച്ച് എങ്ങനെ വേണമെങ്കിലും അന്വേഷിച്ചോളൂ, ആരും ഒരു നെഗറ്റീവ് പറയില്ലെന്നാണ് എന്റെ ധാരണ. പിന്നെ, പൗർണമിയോടും ഈ വിവാഹാലോചനയെ കുറിച്ച് സംസാരിക്കണം. എന്നിട്ട് നിങ്ങളുടെ തീരുമാനം എത്രയും പെട്ടെന്ന് എന്നെ അറിയിക്കണം, സമ്മതമാണെങ്കിൽ ഞാൻ പൗർണമിയെ അവിടെ പോകുമ്പോൾ കണ്ടോളാം. നാട്ടിലേക്ക് വരണമെന്നില്ല കേട്ടോ.
തെളിമയോടുകൂടി തന്റെ മുൻപിൽ നിന്ന് സംസാരിക്കുന്ന അശോകിനെ ബാബുരാജിന് വല്ലാണ്ട് ബോധിച്ചു..
അതിൽ പ്രധാന കാര്യം, അവന്റെ നേരെ വാ നേരെ പോ എന്ന നിലപാട് ആയിരുന്നു..
പിന്നെ പൗർണമിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഈ ജോലി, ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം ഒക്കെ സൂക്ഷിച്ചുവച്ച്, കുടുംബത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആണ് അവളുടെ ആഗ്രഹം. ഇതിപ്പോ അശോകനെ വിവാഹം കഴിക്കുകയാണെങ്കിൽ, നമിക്ക് അവളുടെ ജോലിയും നഷ്ടപ്പെടത്തില്ല.
എന്തൊക്കെയായാലും ഉടനെ തന്നെ വിവരം അറിയിക്കാം എന്ന് പറഞ്ഞു, അശോകിന് തന്റെ ഫോൺ നമ്പറും കൈമാറിയിട്ടാണ് ബാബുരാജ് അന്ന് വീട്ടിലെത്തിയത്.
നേരം അപ്പോൾ ഏഴര മണിയായി.
ഉമയും ഇളയ മകളും കൂടിയിരുന്നു, പൗർണമിയെ ഫോണിൽ വിളിച്ച് വീഡിയോ കോളിൽ അവളെ കണ്ടു സംസാരിക്കുകയാണ്.
അപ്പോഴായിരുന്നു അയാൾ അകത്തേക്ക് വന്നത്..
അച്ഛാ….
പൗർണമി ഉച്ചത്തിൽ വിളിച്ചു.
നിറഞ്ഞ പുഞ്ചിരിയോടെ, തന്റെ അച്ഛനെ സ്ക്രീനിൽ കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി.
ഇന്ന് എന്തുപറ്റി പതിവില്ലാണ്ട് ഓട്ടം കൂടുതലുണ്ടായിരുന്നു എന്ന് തോന്നുന്നല്ലോ, അച്ഛൻ ആകെ സന്തോഷത്തിലാണല്ലോ.
പൗർണമി ചോദിക്കുന്ന കേട്ടുകൊണ്ട് ഉമ മുഖം തിരിച്ചു..
ഹ്മ്മ്… അച്ഛൻ ഇന്ന് ഒരുപാട് സന്തോഷത്തിലാണ് മോളെ,,
അയാളും വന്നു അവരുടെ അരികിൽ ഇരുന്നു.
ചായ എടുക്കാം എന്നു പറഞ്ഞ് ഉമ എഴുന്നേറ്റതും, ബാബുരാജ് അവരെ പിടിച്ച് അയാളുടെ അരികിൽ ഇരുത്തി.
ചായയൊക്കെ കുറച്ചു കഴിഞ്ഞു മതി, നീ ഇപ്പോൾ ഇരിക്കാൻ നമുക്ക് നാല് പേർക്കും കൂടി ഒരു കാര്യം സംസാരിക്കേണ്ടതുണ്ട്..
ബാബുരാജ് പറഞ്ഞപ്പോൾ ഉമ അയാളെ സൂക്ഷിച്ചു നോക്കി.
യ്യോ.. അച്ഛൻ എന്തോ വലിയ ബോംബ് പൊട്ടിക്കുവാൻ ആയിട്ടുള്ള പുറപ്പാടിലാണ് കേട്ടോ ചേച്ചി,,, കളിയായി അനുജത്തി പറഞ്ഞപ്പോൾ പൗർണമി ഉറക്കെ ചിരിച്ചു.
എന്താ ബാബുവേട്ടാ കാര്യം,,,?
ഉമ മെല്ലെ ചോദിച്ചു
പറയാം, അതിനു മുന്നേ എനിക്ക് എന്റെ പെൺമക്കളോട് ഒരു കാര്യം സംസാരിക്കാനുണ്ട്.
അച്ഛൻ പറയുന്നേ…?
പൗമിയും അച്ഛനെ നോക്കി.
അച്ഛന്റെ തീരുമാനം അനുസരിക്കാതേ ഇന്നോളം നിങ്ങൾ രണ്ടാളും ജീവിച്ചിട്ടില്ല, സത്യമല്ലേ മോളെ..
തന്റെ പെണ്മക്കളോട് പറയുകയാണ് അയാൾ.
ഹ്മ്മ്.. അതിലെന്താ, അച്ഛനു ഇത്രയ്ക്ക് സംശയം. ഇന്നോളം അച്ഛനെയും അമ്മയുടെയും വാക്കുകൾ ധിക്കരിച്ച് ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ, ഇല്ലാലോ.. അല്ലേടാ കുഞ്ഞി.
പൗർണമി അനിയത്തിയോട് ചോദിച്ചു.
ഇല്ലില്ല…..
അവളും മറുപടി കൊടുത്തു.
എന്നാൽ ഞാൻ എന്റെ പൗമികൊച്ചിന്റെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനം എടുത്തു. മോളത് അനുസരിക്കണം.. പറ്റുമോ നിനക്ക്….തുടരും………