National

കോണ്‍ഗ്രസിനും ആം ആദ്മിക്കും ബി ജെ പിയുടെ ചെക്ക്; ഓഫര്‍ മഴയുമായി പ്രകടന പത്രിക

സ്ത്രീകളെ ചാക്കിലാക്കാന്‍ കിടിലന്‍ പ്രഖ്യാപനങ്ങള്‍

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ഡല്‍ഹി പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണ പാര്‍ട്ടിയായ ബി ജെ പിയും തങ്ങളുടെ പ്രഖ്യാപനം നടത്തി. സ്ത്രീകളെ ചാക്കിലിടാന്‍ വ്യത്യസ്തമായ പ്രഖ്യാപനങ്ങളാണ് ബി ജെ പിയുടെ പക്കലുള്ളത്.

ഡല്‍ഹിയില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കുമെന്നും ഗര്‍ഭിണികള്‍ക്ക് 21000 രൂപ നല്‍കുമെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ഗാര്‍ഹിക പാചക വാതകത്തിന് 500 രൂപയുടെ സബ്സിഡി എന്നിങ്ങനെ നിര്‍ണായകമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തുവിട്ടത്.

ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ബിജെപി അധ്യക്ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അഭിമാനമായ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി ബിജെപി തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നടപ്പാക്കുമെന്നും ഡല്‍ഹിയില്‍ എഎപി ഇതിനെ എതിര്‍ക്കുക ആണെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.രാജ്യതലസ്ഥാനത്തെ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക, എല്ലാ ഹോളിയിലും ദീപാവലിയിലും പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറുകള്‍ നല്‍കുമെന്ന വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടാതെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് കുതിപ്പേകിയ ലഡ്കി ബഹിന്‍ യോജനയുടെ മാതൃകയില്‍, ഡല്‍ഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2500 രൂപ ബിജെപി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.സമാനമായി നേരത്തെ എഎപിയും കോണ്‍ഗ്രസും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ വനിതാ വോട്ടര്‍മാര്‍ക്കായി എഎപി 2100 രൂപ ധനസഹായമായി വാഗ്ദാനം ചെയ്തപ്പോള്‍, കോണ്‍ഗ്രസ് അവരുടെ ‘പ്യാരി ദീദി യോജന’ പ്രകാരം പ്രതിമാസം 2500 രൂപ സ്ത്രീകള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മലര്‍ത്തിയടിക്കാന്‍ മറ്റ് ചില ജനപ്രിയ പ്രഖ്യാപനങ്ങളും ബിജെപി നടത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!