ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!
ലഹരിക്ക് അടിമയല്ലെന്നും പോലീസ്
ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതുവിന് മാനസിക വൈകല്യങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. കൊടും ക്രൂരത നടത്തിയ പ്രതി കൃത്യമായി തന്നെ അന്ന് നടന്ന സംഭവങ്ങള്‍ പോലീസിന് വിശദീകരിച്ചു കൊടുത്തു. നേരത്തേ ഏതെങ്കിലും ആശുപത്രികളില്‍ മാനസിക വൈകല്യത്തിന് പ്രതി ചികിത്സ തേടിയതായോ പ്രതി ലഹരി ഉപയോഗിച്ചിരുന്നതായോ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാത്രമാണ് പ്രതി ആക്രമണം നടത്തിയതെന്നും മൂന്ന് പേരെ ക്രൂരമായി കൊന്നൊടുക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. നേരത്തേ നിരവധി കേസുകളില്‍ പ്രതിയായ ഋതു കൊടും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാലാണ് ആക്രമണം നടത്തിയത്. ഋതുവിനെ നാട്ടുകാര്‍ക്ക് ഭയമായതിനാല്‍ ആരും ഇയാളെ തടഞ്ഞില്ലെന്നും വ്യക്തമാക്കുന്നു.
ഋതുവിന്റെ അയല്‍വാസിയായ വേണു (60), ഭാര്യ ഉഷ (52), മകള്‍ വിനീഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് 35കാരനായ ജിതിന് ബോസിനെ ആക്രമിക്കാനാണ് ഋതു വീട്ടില്‍ അതിക്രമിച്ച് കയറിയത്. എന്നാല്‍, ആക്രമണം തടയാന്‍ ശ്രമിച്ച വേണുവിനെയും വിനീഷയേയും ഉഷയേയും പ്രതി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിതിന് ചികിത്സയിലാണ്.
അതിനിടെ, കൊല്ലപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിച്ചു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പൊലീസ് പരിശോധിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങള്‍ക്ക് ഇയാള്‍ എവിടെയും ചികിത്സ തേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായി നാട്ടുകാര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തിയത്.